കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി മോദി; രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
"പ്രധാനമന്ത്രി ഒരു ഇവന്റ് മാനേജറാണ്. ഒരേസമയം ഒന്നിൽ കൂടുതൽ പരിപാടികൾ കൈകാര്യം ചെയ്യാൻ അദ്ദേഹത്തെക്കൊണ്ടാവില്ല. കോവിഡ് എന്താണെന്ന് മോദിക്ക് ഇനിയും പിടികിട്ടിയിട്ടില്ല."
കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. രണ്ടാം തരംഗത്തിന് ഉത്തരവാദി പ്രധാനമന്ത്രിയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. കോവിഡ് എന്താണെന്ന് മോദിക്ക് ഇനിയും പിടികിട്ടിയില്ലെന്നും അദ്ദേഹം ആക്ഷേപിച്ചു. കടുത്ത ഭാഷയിലാണ് രാഹുൽ കേന്ദ്രത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിച്ചത്.
ഓൺലൈനായി നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയുടെ രൂക്ഷവിമര്‍ശനം. ഒന്നാം തരംഗം ആരും മനസിലാക്കിയിരുന്നില്ല. എന്നാൽ, രണ്ടാം തരംഗത്തിൽ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. അദ്ദേഹത്തിന്റെ അഭിനയ പ്രകടനങ്ങളും ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ കാണിച്ച വീഴ്ചയുമൊക്കെയാണ് രണ്ടാം തരംഗത്തിന് കാരണം-രാഹുൽ വിമർശിച്ചു.
നിർഭാഗ്യവശാൽ, പ്രധാനമന്ത്രി ഒരു ഇവന്റ് മാനേജറാണ്. ഒരേസമയം ഒന്നിൽ കൂടുതൽ പരിപാടികൾ കൈകാര്യം ചെയ്യാൻ അദ്ദേഹത്തെക്കൊണ്ടാവില്ല. എന്തു സംഭവിച്ചാലും എന്തെങ്കിലും പരിപാടി നടത്തി ഒഴിയുകയാണ് മോദിയുടെ രീതി. ഇത്തരം സാഹചര്യങ്ങളിൽ ഇവന്റ് മാനേജറെയല്ല നമുക്ക് വേണ്ടത്. പ്രവർത്തനക്ഷമവും വേഗവുമുള്ള ഭരണകൂടത്തെയാണ് നമുക്ക് ആവശ്യം-രാഹുൽ ഗാന്ധി വ്യക്തമാക്കി.
പ്രധാനമന്ത്രി രാജ്യത്തിന്റെ തലവനാണ്. രാജ്യക്ഷേമത്തിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനാണ്. പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തം അദ്ദേഹം തന്നെ നിർവഹിക്കേണ്ടതുണ്ട്. എന്നാൽ, പുറത്തുനിന്നുള്ള വിമർശനങ്ങളൊന്നും കേൾക്കാതെ ഒരു അടഞ്ഞകൂട്ടിലാണ് അദ്ദേഹം കഴിയുന്നത്. ഇത്തരത്തിലുള്ള പെരുമാറ്റം കൊണ്ട് തന്നെ ആരും അദ്ദേഹത്തോട് ഒന്നും പറയുന്നില്ല. അതുകൊണ്ടുതന്നെ ഒരു സൂചനയുമില്ലാതെയാണ് കപ്പൽ മുന്നോട്ടുനീങ്ങിക്കൊണ്ടിരിക്കുന്നത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ പ്രതിച്ഛായ നന്നാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ പ്രതിച്ഛായയൊക്കെ ഇടിഞ്ഞുകഴിഞ്ഞിട്ടുണ്ട്. മോദി മുന്നോട്ടുവന്ന് രാജ്യത്തെ നയിക്കേണ്ട സമയമാണിത്. തന്റെ നേതൃഗുണവും ധീരതയും ശക്തിയും കാണിക്കേണ്ട ഘട്ടമാണിത്. പേടിക്കാതെ മുന്നോട്ടുവന്ന് ഇടപെടുകയാണ് വേണ്ടത്. രാജ്യത്തെ വാക്‌സിനേഷൻ ഇപ്പോഴത്തെ സ്ഥിതിയിൽ തുടരുകയാണെങ്കിൽ രാജ്യത്ത് മൂന്നും നാലും തരംഗങ്ങളൊക്കെയുണ്ടാകുമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.