ഹാരി രാജകുമാരന്‍ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചു; ഹരജിയുമായി അഭിഭാഷക
പകല്‍ക്കിനാവ് മാത്രമാണിതെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബ്- ഹരിയാന ഹൈക്കോടതി ഹരജി തള്ളി
ബ്രിട്ടീഷ് രാജകുടുംബാംഗമായ ഹാരി രാജകുമാരന്‍ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന ആരോപണവുമായി അഭിഭാഷക. പഞ്ചാബ് സ്വദേശിനിയാണ് ഹരജിയുമായി പഞ്ചാബ്- ഹരിയാന ഹൈക്കോടതിയെ സമീപിച്ചത്.
വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഹാരി ഇതുവരെ വാക്ക് പാലിച്ചിട്ടില്ല. വിവാഹം ഇനിയും വൈകാതിരിക്കാന്‍ രാജകുമാരനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നും നടപടിയെടുക്കാന്‍ യു.കെ പൊലീസ് സെല്ലിനോട് ആവശ്യപ്പെടണമെന്നുമായിരുന്നു ഹരജിക്കാരിയുടെ ആവശ്യം.
ഹാരി രാജകുമാരനുമായി നടത്തിയതെന്നു പറയപ്പെടുന്ന ഇ- മെയില്‍ വിവരങ്ങളും യുവതി തെളിവായി കോടതിയില്‍ ഹാജരാക്കിയിരുന്നു. അഭിഭാഷകയെ എത്രയും വേഗം വിവാഹം ചെയ്യാമെന്നാണ് മെയില്‍ അയച്ചിരുന്ന ഹാരി രാജകുമാരന്‍ പറയുന്നത്.
യുവതി ഇതുവരെ യു.കെ സന്ദര്‍ശിച്ചിട്ടില്ലെന്നും കോടതി മുമ്പാകെ വ്യക്തമാക്കിയിരുന്നു. ഇതോടെ, പകല്‍ക്കിനാവ് മാത്രമാണിതെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബ്- ഹരിയാന ഹൈക്കോടതി ഹരജി തള്ളി. പരാതിയില്‍ യാതൊരു കഴമ്പുമില്ലെന്നും ഹാരി രാജകുമാരനെ വിവാഹം ചെയ്യണമെന്നുള്ള ഒരു പകല്‍ കിനാവുകാരിയുടെ ഫാന്‍റസി മാത്രമാണെന്നുമായിരുന്നു ജസ്റ്റിസ് അരവിന്ദ് സിംഗിന്‍റെ നിരീക്ഷണം.
സോഷ്യല്‍ മീഡിയയില്‍ വ്യാജ ഐ.ഡികള്‍ വ്യാപകമായി സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇത്തരം ഐ.ഡികളിലൂടെയുള്ള സംഭാഷണത്തിന്‍റെ ആധികാരികത കോടതി വഴി നിശ്ചയിക്കാന്‍ സാധ്യമല്ല. പ്രിന്‍സ് ഹാരിയെന്ന് അവകാശപ്പെടുന്നയാള്‍ പഞ്ചാബിലെ തന്നെ ഏതെങ്കിലും ഗ്രാമത്തില്‍ ഒരു സൈബര്‍ കഫെയിലിരുന്നാകാം മെയിലയച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.