പ്രധാനമന്ത്രി പെരുമാറുന്നത് ഭീരുവിനെപ്പോലെ; മോദിക്കെതിരെ പ്രിയങ്ക
ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന പ്രധാനമന്ത്രിയെയാണ് രാജ്യം കണ്ടതെന്ന് പ്രിയങ്ക
കോവിഡ് പ്രതിരോധത്തില്‍ പരാജയപ്പെട്ട കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജനങ്ങളുടെ കാര്യം പ്രധാനമന്ത്രി പരിഗണിക്കുന്നില്ല, രാഷ്ട്രീയമാണ് അദ്ദേഹത്തിന് പ്രധാനമെന്നും പ്രിയങ്ക കുറപ്പെടുത്തി. ഉത്തരവാദി ആര്? എന്ന ക്യാമ്പയിന്റെ ഭാഗമായാണ് പ്രിയങ്ക പ്രധാനമന്ത്രിക്കെതിരെ ചോദ്യങ്ങളുന്നയിച്ചത്.
കോവിഡ് കാലത്ത് രാജ്യം നേരിട്ടത് ശക്തമായ നേതൃത്വത്തിന്റെ അഭാവമാണ്. പ്രധാനമന്ത്രിയുടെ ഭരണപരമായ കഴിവില്ലായ്മ ഇക്കാലത്ത് ലോകം മുഴുവന്‍ തിരിച്ചറിഞ്ഞെന്നും അവര്‍ പറഞ്ഞു. ദുരിതകാലത്ത് ഉള്‍വലിഞ്ഞ പ്രധാനമന്ത്രി മോശം സമയം കടന്നുപോവുന്നത് വരെ കാത്തിരിക്കുകയായിരുന്നു. പ്രധാനമന്ത്രി ഒരു ഭീരുവിനെപ്പോലെയാണ് പെരുമാറിയത്-പ്രിയങ്ക തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
അപ്രത്യക്ഷനാവാനുള്ള പ്രധാനമന്ത്രിയുടെ ശേഷി പുറത്തുവന്ന സമയമായിരുന്നു ഇത്. ഇന്ത്യക്കാര്‍ അദ്ദേഹത്തിന്റെ പ്രഥമ പരിഗണനയില്‍ വരുന്നില്ല. രാഷ്ട്രീയമാണ് അദ്ദേഹത്തിന് വലുത്. സത്യം അദ്ദേഹത്തിന് വിഷയമല്ല. പ്രചാരണങ്ങളാണ് അദ്ദേഹത്തെ നയിക്കുന്നത്-പ്രിയങ്ക ട്വീറ്റ് ചെയ്തു.
If only...#ZimmedarKaun pic.twitter.com/Qy5FpTl9iP
— Priyanka Gandhi Vadra (@priyankagandhi) June 12, 2021
സത്യത്തെ തിരിച്ചറിയുക, ഉത്തരവാദിത്തം ഏറ്റെടുക്കുക, മറികടക്കാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നിവയാണ് പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍ ഇതിലൊന്നും മോദി സര്‍ക്കാര്‍ ചെയ്തിട്ടില്ല. മഹാമാരിയുടെ തുടക്കം മുതല്‍ സത്യം മറച്ചുവെക്കാനും ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനുമാണ് സര്‍ക്കാര്‍ ശ്രമിച്ചത്-പ്രിയങ്ക പറഞ്ഞു.