കോവിഡ് അനാഥരാക്കിയ കുഞ്ഞുങ്ങളെ ഏറ്റെടുത്ത് പഞ്ചാബ് സര്‍ക്കാര്‍; സൗജന്യ പഠനം, മാസം 1500 രൂപ
തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടമായ ആ കുഞ്ഞുങ്ങളുടെ വളർത്തച്ഛനാകേണ്ടത് സർക്കാറിന്‍റെ ഉത്തരവാദിത്വമാണെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു
കോവിഡ് മഹാമാരിയില്‍ മാതാപിതാക്കളെ നഷ്ട്മായ കുഞ്ഞുങ്ങളെ ഏറ്റെടുത്ത് പഞ്ചാബ് സര്‍ക്കാര്‍. ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസത്തിനൊപ്പം സാമൂഹ്യ സുരക്ഷ പെൻഷനായി പ്രതിമാസം 1500 രൂപയും നല്‍കും. കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നവരെ നഷ്ടപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം നൽകാനും തീരുമാനമായി. ജൂലൈ ഒന്ന് മുതൽ ആനുകൂല്യങ്ങൾ നൽകി തുടങ്ങും.
സർക്കാർ സ്ഥാപനങ്ങളിലാകും കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസ സൗകര്യം ഒരുക്കുക. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടമായ ആ കുഞ്ഞുങ്ങളുടെ വളർത്തച്ഛനാകേണ്ടത് സർക്കാറിന്‍റെ ഉത്തരവാദിത്വമാണെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു. അനാഥർക്ക് 21 വയസ്സ് തികയുന്നതുവരെയും ഗൃഹനാഥരെ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് മൂന്ന് വർഷത്തേക്കും ആനുകൂല്യങ്ങൾ ലഭ്യമാക്കും. അതിനുശേഷം സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കോവിഡ് ബാധിതർക്ക് 51,000 രൂപ ഗ്രാന്‍റ് നൽകുന്ന ആശീർവാദ് പദ്ധതിക്ക് ജൂലൈ ഒന്നിന് തുടക്കമാകും. ഇവർക്ക് സംസ്ഥാന സ്മാർട്ട് റേഷൻ കാർഡ് പദ്ധതി പ്രകാരം സൗജന്യ റേഷനും സർബത്ത് സേഹത്ത് ബിമ യോജനയ്ക്ക് കീഴിൽ ഇൻഷൂറൻസ് കവറേജും ലഭ്യമാക്കുമെന്ന് സർക്കാർ അറിയിച്ചു. ദുരിതബാധിതരായ കുടുംബാംഗങ്ങൾക്ക് 'ഘർ ഘർ റോസ്‌ഗാർ ടെ കരോബാർ മിഷൻ' വഴി അനുയോജ്യമായ ജോലി കണ്ടെത്താൻ സർക്കാർ സഹായിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.