ഗംഗനദിക്കരയിൽ 2,000ത്തിലേറെ മൃതദേഹങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ
കോവിഡ് രൂക്ഷമായി ബാധിച്ച ഗാസിയാബാദ്, കാൺപൂർ, ഉന്നാവോ, ഗാസിപൂർ, കന്നൗജ്, ബല്ലിയ പ്രദേശങ്ങളിലാണ് വ്യാപകമായി മൃതദേഹങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്
കോവിഡ് മരണങ്ങൾ കുത്തനെ ഉയരുന്നതിനിടെ ഗംഗ നദിയിലൂടെ നൂറുകണക്കിന് മൃതദേഹങ്ങൾ ഒഴുകുന്നതായി കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. കൂടുതൽ ആശങ്കയുണർത്തി ഉത്തർപ്രദേശിൽനിന്നു തന്നെ സമാനമായ കൂടുതൽ വാർത്തകൾ പുറത്തുവരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ യുപിയിലെ ഗംഗാതീരങ്ങളിലായി 2,000ത്തിലേറെ മൃതദേഹങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലാണ് ഇത്തരത്തിൽ തിടുക്കത്തിൽ അടക്കം ചെയ്യപ്പെട്ടതോ ഉപേക്ഷിക്കപ്പെട്ടതോ ആയ നൂറുകണക്കിനു മൃതദേഹങ്ങൾ കണ്ടെത്തിയത്.
കോവിഡ് രൂക്ഷമായി ബാധിച്ച ഗാസിയാബാദ്, കാൺപൂർ, ഉന്നാവോ, ഗാസിപൂർ, കന്നൗജ്, ബല്ലിയ പ്രദേശങ്ങളിലാണ് വ്യാപകമായി മൃതദേഹങ്ങൾ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച മാത്രം ഇത്തരത്തിൽ ഉന്നാവോയിലെ ഗംഗാതീരത്തായി 900ത്തോളം മൃതദേഹങ്ങൾ അടക്കം ചെയ്തിട്ടുണ്ടെന്ന് ഹിന്ദി ദിനപത്രം ദൈനിക് ഭാസ്‌കർ റിപ്പോർട്ട് ചെയ്തു. കാൺപൂരിൽ 400, കന്നൗജിൽ 350, ഗാസിപൂരിൽ 280 എന്നിങ്ങനെയും മൃതദേഹങ്ങൾ കണ്ടെത്തി. തങ്ങളുടെ ഉറ്റവരും ഉടയവരുമായവരെ കൃത്യമായി സംസ്‌കരിക്കാനും മരണാനന്തര കൃത്യങ്ങൾ നടത്താനും പണമില്ലാത്തതിനാലാണ് ഇത്തരത്തിൽ ഗംഗാതീരത്ത് കുഴിച്ചിട്ടിരിക്കുന്നതെന്ന് ചില ബന്ധുക്കൾ ഇന്ത്യൻ എക്‌സ്പ്രസിനോട് വെളിപ്പെടുത്തി.
പലയിടത്തും കനത്ത മഴയെത്തുടർന്നാണ് ഗംഗാതീരത്തെ മണൽ നീങ്ങി മൃതദേഹങ്ങൾ പുറത്തെത്തിയിരിക്കുന്നത്. നിരവധി മൃതദേഹങ്ങൾ നദിയിൽ ഒഴുകുന്ന നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഉത്തർപ്രദേശിലെ ബല്ലിയ, ഗാസിപൂർ ജില്ലകളിലും ബിഹാറിലെ ബക്‌സർ, പാട്‌ന ജില്ലകളിലുമായി ഗംഗാ നദിയിലൂടെ 150ലേറെ മൃതദേഹങ്ങൾ ഒഴുകിവരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.