മുന്‍ കേന്ദ്രമന്ത്രി അജിത് സിംഗ് കോവിഡ് ബാധിച്ച് മരിച്ചു

ശ്വാസ സംബന്ധമായ പ്രശ്നത്തെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് അജിത് സിംഗിനെ ഗുരുഗ്രാമിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Update: 2021-05-06 04:41 GMT
Editor : Jaisy Thomas | By : Web Desk
Advertising

രാഷ്ട്രീയ ലോക്ദൾ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അജിത് സിംഗ് കോവിഡ് ബാധിച്ച് മരിച്ചു. 82 വയസായിരുന്നു. ശ്വാസ സംബന്ധമായ പ്രശ്നത്തെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് അജിത് സിംഗിനെ ഗുരുഗ്രാമിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നില വഷളാവുകയും വ്യാഴാഴ്ച മരണം സംഭവിക്കുകയുമായിരുന്നു. ഏപ്രില്‍ 20ന് ഇദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. മകനും എം.പിയുമായ ജയന്ത് ചൌധരി ട്വിറ്ററിലൂടെയാണ് മരണവാര്‍ത്ത അറിയിച്ചത്.

''ഏപ്രില്‍ 20നാണ് ചൌധരി അജിത് സിംഗിന് കോവിഡ് സ്ഥിരീകരിച്ചത്. അവസാന നിമിഷം വരെ അദ്ദേഹം കോവിഡിനോട് പോരാടി. ഇന്ന് രാവിലെ വിട പറയുകയും ചെയ്തു'' ജയന്ത് ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അദ്ദേഹം വെന്‍റിലേറ്ററിലായിരുന്നുവെന്ന് അജിത് സിംഗിന്‍റെ പെഴ്സണല്‍ സെക്രട്ടറി അയച്ച സന്ദേശത്തില്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ അജിത് സിംഗിന്‍റെ മരണത്തില്‍ അനുശോചിച്ചു. മുൻ കേന്ദ്രമന്ത്രി ചൗധരി അജിത് സിംഗ് ജിയുടെ മരണം അങ്ങേയറ്റം ദുഃഖകരമാണെന്നും കര്‍ഷകര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ആളായിരുന്നുവെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.

web

1987,1988 വർഷങ്ങളിൽ അജിത് സിംഗ് ലോക്ദൾ പാർട്ടിയുടെ പ്രസിഡന്റായിരുന്നു. 1989 ൽ ജനതാ ദൾ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി. 1989 ൽ ഉത്തർപ്രദേശിലെ ബാക്പത് ലോകസഭാ മണ്ഡലത്തിൽ നിന്നും അജിത് സിംഗ് ലോകസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1989 ഡിസംബർ മുതൽ 1990 നവംബർ വരെ വി.പി.സിങ് മന്ത്രിസഭയിൽ വ്യവസായിക മന്ത്രിയായിരുന്നു. 1991 ലെ പൊതു തെരഞ്ഞെടുപ്പിൽ മത്സരിച്ച് അജിത് സിങ് വീണ്ടും ലോക്സഭയിലെത്തിച്ചേർന്നു. 1996 ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും, 1998 ൽ പരാജയപ്പെട്ടു. പി.വി.നരസിംഹറാവു മന്ത്രിസഭയിൽ വളരെ ചുരുങ്ങിയ കാലം മാത്രം ഭക്ഷ്യ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രിയായിരുന്നു.

1998 ലെ തെരഞ്ഞെടുപ്പു പരാജയത്തിനു ശേഷം, അജിത് സിംഗ് രാഷ്ട്രീയ ലോക് ദൾ എന്നൊരു പാർട്ടി രൂപീകരിച്ചു. പിന്നീട് 1999,2004, 2009 പൊതു തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് വീണ്ടും ലോകസഭയിലെത്തി. 2001 മുതൽ 2003 വരെയുള്ള കാലഘട്ടത്തിൽ അടൽ ബിഹാരി വാജ്പേയ് മന്ത്രി സഭയിൽ കൃഷി വകുപ്പ് മന്ത്രിയായിരുന്നു. 2011 ൽ യു.പി.എ സർക്കാരിൽ വ്യോമയാന വകുപ്പു മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News