പല സംസ്ഥാനങ്ങളിലും വാക്സിൻ ക്ഷാമം രൂക്ഷം; റെംഡെസിവർ കരിഞ്ചന്തയിൽ വ്യാപകമെന്ന് ആരോപണം
കൂടുതൽ ഓക്സിജൻ ഇറക്കുമതി ചെയ്യാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ ആരംഭിച്ചു
രാജ്യത്ത് പല സംസ്ഥാനങ്ങളിലും വാക്സിൻ ക്ഷാമം രൂക്ഷം. ആന്‍റി വൈറൽ കുത്തിവെപ്പായ റെംഡെസിവർ കരിഞ്ചന്തയിൽ വ്യാപകമായി വിതരണം ചെയുന്നുവെന്ന ആരോപണമുണ്ട്. കൂടുതൽ ഓക്സിജൻ ഇറക്കുമതി ചെയ്യാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ ആരംഭിച്ചു.
രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുമ്പോഴും പല സംസ്ഥാനങ്ങളിലും വാക്സിൻ വിതരണം പ്രതിസന്ധിയിലാണ്. കൂടുതൽ ഡോസ് വാക്സിൻ എത്തിക്കണമെന്ന് പല സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിൻ ക്ഷാമത്തിനിടെ കോവിഡ് ആന്‍റി വൈറൽ കുത്തിവെപ്പായ റെംഡെസിവർ കരിഞ്ചന്തയിൽ വ്യാപകമായെത്തുന്നുവെന്ന പരാതിയുമുണ്ട്.
മഹാരാഷ്ട്രയിൽ വ്യാജ റെംഡെസിവർ മരുന്ന് വിറ്റ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദ്രാവക രൂപത്തിലുള്ള പാരസെറ്റാമോൾ മരുന്നാണ് വ്യാജമായി ഇവർ വിൽപന നടത്തിയത്. ഭോപ്പാലിലെ ഗവ. ആശുപത്രിയിൽനിന്നും 800 ഓളം റെംഡെസിവർ മരുന്നുകൾ മോഷ്ടിക്കപ്പെട്ടു. രാജ്യത്ത് ഓക്സിൻ ക്ഷാമം പരിഹരിക്കാൻ 50000 മെട്രിക് ടൺ ഓക്സിജൻ ഇറക്കുമതി ചെയ്യും. ഓക്സിജൻ വിതരണം ചെയ്യാൻ റെയിൽ സംവിധാനം ഉപയോഗിക്കും.
കോവിഡ് വാക്സിൻ അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി നിരോധിച്ച തീരുമാനം പിൻവലിക്കണമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അമേരിക്കയോട് ആവശ്യപ്പെട്ടു. രോഗികളുടെ എണ്ണം ഉയരുന്നതിനാൽ ഉത്തർപ്രദേശിലും ഗുജറാത്തിലും ഡൽഹിയിലും ഐസിയു ബെഡുകൾക്ക് ക്ഷാമം നേരിടുകയാണ്. ലക്നൗവിൽ കിടക്കകളില്ലാത്തതിനാൽ രോഗികളെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന പരാതിയുമുണ്ട്.