വാക്‌സിന് രജിസ്റ്റർ ചെയ്യുമ്പോൾ ഈ തട്ടിപ്പും കരുതിയിരിക്കുക
കോവിൻ പോർട്ടലിൽ വാക്‌സിനു വേണ്ടി രജിസ്റ്റർ ചെയ്യുമ്പോൾ താഴെ പറയുന്ന തട്ടിപ്പിന് നിങ്ങൾ ഇരയാകുന്നില്ലെന്നും ഉറപ്പുവരുത്തുക
നാടുമുഴുവൻ കോവിഡിനു ചുറ്റും കറങ്ങുമ്പോൾ തട്ടിപ്പുസംഘങ്ങളും മഹാമാരി അവസരമാക്കി പുതിയ തന്ത്രങ്ങളുമായി വലവിരിച്ച് ഇറങ്ങിയിട്ടുണ്ട്. സാങ്കേതികവിദ്യയെക്കുറിച്ച് വലിയ ധാരണയില്ലാത്ത സാധാരണക്കാരെ ലക്ഷ്യമിട്ടാണ് സംഘം പുതിയ ഓൺലൈൻ തട്ടിപ്പുമായി രംഗത്തുള്ളത്. ഏറ്റവുമൊടുവിൽ കോവിഡ് വാക്‌സിനു വേണ്ടിയുള്ള രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടക്കുന്നത്. രാജ്യത്ത് വാക്‌സിൻ ക്ഷാമം നിലനിൽക്കുന്ന സാഹചര്യം മുതലെടുക്കുകയാണ് സംഘം. കോവിൻ പോർട്ടലിൽ വാക്‌സിനു വേണ്ടി രജിസ്റ്റർ ചെയ്യുമ്പോൾ താഴെ പറയുന്ന തട്ടിപ്പിന് നിങ്ങൾ ഇരയാകുന്നില്ലെന്നും ഉറപ്പുവരുത്തുക.
1. കോവിൻ പോർട്ടല്‍ വഴി വാക്‌സിൻ വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഫോൺ കോളുകൾ
കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും വാക്‌സിൻ അവസരം ഉറപ്പാക്കാനും സഹായിക്കാമെന്നു പറഞ്ഞ് ഫോൺവിളികൾ വരാൻ സാധ്യതയുണ്ട്. സർക്കാർ ജീവനക്കാരെന്നോ എൻജിഒ പ്രവർത്തകരെന്നോ ഒക്കെ പറഞ്ഞായിരിക്കും വിളി. സഹായത്തിന്റെ ഭാഗമായി ഇവർ പണം ചോദിക്കാനുമിടയുണ്ട്. അല്ലെങ്കിൽ, ഫോണിൽ AnyDesk, Microsoft Teams പോലുള്ള ഡെസ്‌ക്‌ടോപ്പ് ആപ്പുകൾ തുറക്കാൻ ആവശ്യപ്പെടും. ഇതുവഴി ഇവർക്ക് നമ്മുടെ പാസ്‌വേഡ് സ്വന്തമാക്കാനാകും. ഈ പാസ്‌വേഡ് പിന്നീട് നമ്മുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം തട്ടാനും സഹായകരമായേക്കും.
2. പ്രത്യേക ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ
വാക്‌സിൻ രജിസ്‌ട്രേഷന്റെ ഭാഗമായി പ്രത്യേക ആപ്പുകളോ എപികെ ഫയലുകളോ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള മെസേജുകൾ ലഭിച്ചാൽ ഉറപ്പിക്കുക, അതു വ്യാജമാണെന്ന്. നിങ്ങളുടെ വ്യക്തിവിവരങ്ങൾ ചോർത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം.
3. വാക്‌സിൻ ഉറപ്പാക്കാൻ പണം ആവശ്യപ്പെട്ടുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങൾ
കോവിൻ പോർട്ടലിൽ വാക്‌സിന് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവസരം ഉറപ്പാക്കാൻ പണമടക്കണമെന്നും ആവശ്യപ്പെട്ട് വാട്‌സ്ആപ്പിലും മറ്റും പുതിയ തരത്തിലുള്ള സന്ദേശം പ്രചരിക്കുന്നുണ്ട്. പണമടയ്ക്കാനുള്ള ലിങ്ക് സഹിതമാണ് ഈ സന്ദേശങ്ങൾ എത്തുന്നത്. ബാങ്ക് വിവരങ്ങൾ കവരാനുള്ള ഒരു തട്ടിപ്പ് മാത്രമാണ് ഇതെന്ന് മനസിലാക്കുക.
4. വാക്‌സിൻ ഉറപ്പുനൽകിക്കൊണ്ടുള്ള മറ്റ് ആപ്പുകളിൽനിന്നുള്ള ഇ-മെയിലുകൾ
കോവിൻ പോർട്ടലിൽ വാക്‌സിന് രജിസ്‌ട്രേഷൻ പൂർത്തിയായിട്ടുണ്ടെന്ന് അറിയിച്ച് മറ്റ് ആപ്പുകളിൽനിന്നു വരുന്ന ഇ-മെയിലുകൾ സൂക്ഷിക്കുക. നിങ്ങളുടെ ഫോണിലും കംപ്യൂട്ടറുകളിലും വൈറസ് കടത്തിവിടുന്ന മാൽവെയറുകളായിരിക്കും അത്തരം ആപ്പുകൾ. അത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
5. കോവിൻ സെക്യൂരിറ്റി കോഡ് പങ്കുവയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കോളുകൾ
കോവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യുന്നവർക്ക് നാല് അക്കമുള്ള സെക്യൂരിറ്റി കോഡ് ലഭിക്കുന്നുണ്ട്. രജിസ്റ്റർ ചെയ്ത പൗരന്മാർക്കു മാത്രമേ വാക്‌സിൻ ലഭിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്താനായാണ് സർക്കാർ ഇങ്ങനെയൊരു സജ്ജീകരണം ഏർപ്പെടുത്തിയത്. ഈ സുരക്ഷാ നമ്പറുകൾ വാക്‌സിൻ കേന്ദ്രത്തിലെ ഉത്തരവാദപ്പെട്ട ആളുമായല്ലാതെ മറ്റാരുമായും പങ്കുവയ്ക്കരുത്.
6. വാക്‌സിന് രജിസ്റ്റർ ചെയ്യാൻ മറ്റ് ആപ്പുകളില്ല
നിലവിൽ വാക്‌സിന് രജിസ്റ്റർ ചെയ്യാൻ രണ്ട് പ്ലാറ്റ്‌ഫോമുകളാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്; കോവിൻ പോർട്ടലും ആരോഗ്യസേതു ആപ്പും. ഇതല്ലാത്ത മറ്റൊരു ആപ്പിലും പോർട്ടലിലും പോയി രജിസ്റ്റർ ചെയ്ത് വഞ്ചിതരാകരുത്.
7. കോവിൻ രജിസ്‌ട്രേഷന് ബാങ്ക് വിവരങ്ങൾ ആവശ്യമില്ല
കോവിൻ രജിസ്‌ട്രേഷനെന്ന് പറഞ്ഞ് ആര് ഫോൺ വഴിയോ മെസേജായോ ബാങ്ക് വിവരങ്ങൾ ചോദിച്ചാൽ നൽകരുത്. രജിസ്‌ട്രേഷന് വേണ്ടി സർക്കാർ പണം ഈടാക്കുകയോ ബാങ്ക് വിവരങ്ങൾ ചോദിക്കുകയോ ചെയ്യുന്നില്ല.