സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനെവാലയ്ക്ക് 'വൈ കാറ്റഗറി' സുരക്ഷ
ഒന്നോ രണ്ടോ കമാന്‍ഡോകളും പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന 11 അംഗ സംഘമാവും സുരക്ഷ ഒരുക്കുക.
പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനെവാലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ 'വൈ കൈറ്റഗറി' സുരക്ഷ ഏര്‍പ്പെടുത്തി. സുരക്ഷാ ഭീഷണി വിലയിരുത്തിയ ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് പുറത്തുവിട്ടതെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഈ ഉത്തരവ് പ്രകാരം ഒന്നോ രണ്ടോ കമാന്‍ഡോകളും പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന 11 അംഗ സംഘമാവും ഇനി അദ്ദേഹത്തിന് സുരക്ഷ ഒരുക്കുക.
കോവിഷീല്‍ഡ് വാക്‌സിന്‍ കേന്ദ്രത്തിന് 150 രൂപയ്ക്കും സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കും നല്‍കുമെന്ന പ്രഖ്യാപനത്തോടെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. കയറ്റുമതി ചെയ്യുന്നതിനേക്കാള്‍ കൂടിയ വില ഇന്ത്യയില്‍ നിശ്ചയിച്ചതാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിത്. മൂന്നു വില എന്ന നയം ശരിയല്ലെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
എന്നാല്‍, സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ ഡോസിന് 300 രൂപയ്ക്ക് നല്‍കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പിന്നീട് പ്രഖ്യാപിച്ചു. അതേസമയം, കേന്ദ്ര സര്‍ക്കാരിനും സ്വകാര്യ ആശുപത്രികള്‍ക്കും നേരത്തെ നിശ്ചയിച്ച നിരക്കില്‍ തന്നെയാണ് വാക്സിന്‍ നല്‍കുക. മെയ് ഒന്നു മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ എടുക്കാമെന്നും സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും മരുന്ന് കമ്പനികളില്‍ നിന്ന് നേരിട്ട് വാക്സിന്‍ വാങ്ങാമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍ സൗജന്യമായി ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.