വീണ്ടും നെഞ്ചുലയ്ക്കുന്ന ദൃശ്യങ്ങള്‍: അമ്മയെ രക്ഷിക്കാന്‍ ശ്വാസം പകര്‍ന്നു നല്‍കി പെണ്‍മക്കള്‍
സഹോദരിമാരായ രണ്ട് പെണ്‍കുട്ടികള്‍ മാറി മാറി അമ്മയുടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്വാസം പകര്‍ന്നു കൊടുക്കുകയാണ്.
കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ നെഞ്ചുലയ്ക്കുന്ന ദൃശ്യങ്ങളാണ് രാജ്യത്തെങ്ങുനിന്നും വന്നുകൊണ്ടിരിക്കുന്നത്. കോവിഡ് ബാധിതരായ ഉറ്റവരുടെ ജീവന്‍ രക്ഷിക്കാന്‍ ബന്ധുക്കള്‍ നെട്ടോട്ടം ഓടുകയാണ് എങ്ങും. ഓക്സിജന്‍ സിലിണ്ടര്‍ കിട്ടാതെ ശ്വാസം മുട്ടി മരിക്കുകയാണ് രോഗികള്‍.
വായയിലൂടെ കൃത്രിമ ശ്വാസം നല്‍കിയെങ്കിലും പ്രിയപ്പെട്ടവരുടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ് ബന്ധുക്കള്‍. അത്തരത്തില്‍ ഒരു ഭാര്യ ഭര്‍ത്താവിന്‍റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഫോട്ടോ പുറത്തുവന്നത് ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിന്നാണ്. ഇപ്പോഴിതാ ആശുപത്രി സ്ട്രക്ചറില്‍ കിടക്കുന്ന അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ മാറി മാറി വായയിലൂടെ കൃത്രിമശ്വാസം കൊടുക്കുന്ന രണ്ട് പെണ്‍കുട്ടികളുടെ വീഡിയോ ആളുകളുടെ കണ്ണ് നനയിക്കുകയാണ്.
ഉത്തര്‍പ്രദശിലെ ബഹറൈച് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നാണ് വാര്‍ത്ത പുറത്തുവന്നിട്ടുള്ളത്. സഹോദരിമാരായ രണ്ട് പെണ്‍കുട്ടികള്‍ മാറി മാറി തങ്ങളുടെ അമ്മയുടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്വാസം പകര്‍ന്നു കൊടുക്കുകയാണ്.
ശനിയാഴ്ചയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. രാജ്യത്തെ ഓക്സിജന്‍ ക്ഷാമത്തിന്‍റെ നടുക്കുന്ന യാഥാര്‍ത്ഥ്യമാവുകയാണ് ഈ ദൃശ്യങ്ങള്‍ എന്ന് പറഞ്ഞാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലായതോടെ ജില്ലാ കലക്ടര്‍ ഷാമ്പു കുമാര്‍ മുതിര്‍ന്ന ഡോക്ടര്‍മാരുമായി ആശുപത്രിയിലേക്ക് എത്തിയെങ്കിലും അപ്പോഴേക്കും ആ അമ്മ മരിച്ചിരുന്നു.
എന്നാല്‍ രോഗിയെ ആശുപത്രിയിലെത്തിച്ച ഉടനെ തന്നെ തങ്ങള്‍ ചികിത്സ നല്‍കിയിരുന്നുവെന്നും മക്കള്‍ ആകെ പരിഭ്രാന്തരായതുകൊണ്ടാണ് ആ രീതിയില്‍ പെരുമാറിയതും, കൃത്രിമശ്വാസം നല്‍കിയതും എന്നുമാണ് മഹാരാജ സുഹെല്‍ദേവ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ എകെ സാഹ്ന നല്‍കുന്ന വിശദീകരണം. ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.