കോവിഡ് പ്രതിരോധ വസ്തുക്കളുടെ നികുതിയിളവിൽ തീരുമാനമായില്ല; റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രിതല ഉപസമിതി രൂപീകരിച്ചു
നികുതിയിളവ് വേണമെന്ന നിലപാട് ആവ൪ത്തിച്ച് കേരളം.
വാക്സിൻ അടക്കമുള്ള കോവിഡ് പ്രതിരോധ വസ്തുക്കളുടെ നികുതിയിളവ് സംബന്ധിച്ച് ഇന്നു ചേര്‍ന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ തീരുമാനമായില്ല. വസ്തുക്കളുടെ വില, നികുതിയിളവ് എന്നിവയിൽ തീരുമാനമെടുക്കാൻ മന്ത്രിതല ഉപസമിതിയെ നിശ്ചയിച്ചു. അടുത്ത മാസം എട്ടിനകം സമിതി റിപ്പോ൪ട്ട് സമ൪പ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
വാക്സിൻ, മരുന്ന് അടക്കമുള്ള കോവിഡ് പ്രതിരോധ വസ്തുക്കളുടെ നികുതിയിളവായിരുന്നു 43ാമത് ജി.എസ്.ടി കൗൺസിൽ യോഗത്തിന്റെ സുപ്രധാന അജണ്ട. സ൪ക്കാ൪ ആശുപത്രികളിൽ നിലവിൽ വാക്സിൻ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളിൽ ലഭിക്കുന്ന വാക്സിന് നികുതി ഇളവ് പ്രഖ്യാപിക്കുന്നത് സാധാരണക്കാരന് ഗുണം ചെയ്തേക്കില്ലെന്ന ആശങ്കയാണ് തീരുമാനമെടുക്കാൻ തടസ്സമെന്നാണ് കേന്ദ്ര വിശദീകരണം.
അതേസമയം, നികുതിയിളവ് വേണമെന്ന നിലപാട് ആവ൪ത്തിക്കുകയാണ് കേരളം ചെയ്തതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാനങ്ങൾക്കുള്ള ജി.എസ്.ടി നഷ്ടപരിഹാരം ഉടൻ നൽകണമെന്നും കേരളം യോഗത്തിൽ നിലപാടെടുത്തു.
നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ കഴിഞ്ഞ തവണ നി൪ദേശിച്ച കടമെടുക്കൽ രീതി തുടരാനാണ് തീരുമാനമെന്നും കേന്ദ്രം വ്യക്തമാക്കി. 1.58 ലക്ഷം കോടി രൂപയാണ് സംസ്ഥാനങ്ങൾക്ക് ഈ സാമ്പത്തിക വ൪ഷത്തിൽ ലഭിക്കേണ്ട നഷ്ടപരിഹാരം.
നേരത്തെ പ്രഖ്യാപിച്ച കോവിഡ് പ്രതിരോധ വസ്തുക്കളുടെ ജി.എസ്.ടി ഇളവ് ഈ വ൪ഷം ഓഗസ്റ്റ് 31 വരെ നീട്ടിയിട്ടുണ്ട്. ബ്ലാക്ക് ഫംഗസിന് ഉപയോഗിക്കുന്ന ഇഞ്ചക്ഷനും നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.