"കോവിഡ് ദുരിതത്തിൽ അനാഥരായവർക്ക് സൗജന്യ വിദ്യഭ്യാസം നൽകണം"
കോവിഡ് മൂലം അനാഥരായ രണ്ട് ലക്ഷത്തിലധികം പേർ രാജ്യത്തുണ്ടെന്നാണ് കണക്ക്.
കോവിഡ് മഹാമാരിക്കിടെ അനാഥരായി മാറിയ കുട്ടികൾക്ക് സർക്കാർ സൗജന്യ വിദ്യഭ്യാസം നൽകി ഉയർത്തി കൊണ്ടുവരണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അനാഥരായ കുട്ടികളുടെ ഭാവി സംരക്ഷിക്കൽ രാജ്യത്തിന്റെ കടമയാണെന്നും സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
അന്നദാതാവായ രക്ഷിതാവോ, മതാപിതാക്കൾ പൂർണമായോ നഷ്ടപ്പെട്ടവരെ കെെയ്യൊഴിയാൻ പാടില്ല. മതാപിതാക്കളെ നഷ്ടപ്പെടുന്ന കുട്ടികൾ അത്യന്തം കടുത്ത വിഷമഘട്ടത്തിലൂടെയായിരിക്കും കടന്ന് പോകുന്നത്. പിന്തുണ നൽകാതെ അവരെ ഉയർത്തികൊണ്ട് വരാൻ സാധിക്കില്ല.
നവോദയ വിദ്യാലയങ്ങൾ വഴി ഈ കുട്ടികളുടെ വിദ്യഭ്യാസം സർക്കാർ ഏറ്റെടുക്കണം. ഈ ദുരിത കാലത്തിന് ശേഷം അവർക്ക് ശോഭനമായ ഭാവി കെട്ടിപ്പടുക്കാൻ രാജ്യം അവർക്ക് കൈത്താങ്ങാവണം. അത് രാജ്യത്തിന്റെ കടമയായിരിക്കണമെന്നും സോണിയ ഗാന്ധി കത്തിൽ കുറിച്ചു.
ഭർത്താവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി തുടക്കം കുറിച്ച നവോദയ വിദ്യാലയങ്ങൾ രാജ്യത്താകെ 661 എണ്ണമുണ്ട്. ഗ്രാമീണ മേഖലയിൽ ആധുനിക വിദ്യഭ്യാസം സമ്പൂർണമായി നടപ്പിലാക്കുകയെന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു എന്നും സോണിയ ഗാന്ധി പറഞ്ഞു.
കോവിഡ് ബാധിച്ച് രക്ഷിതാക്കൾ പൂർണമായോ, അന്നദാതാവായ രക്ഷിതാവ് നഷ്ടപ്പെട്ടവരോ ആയ രണ്ട് ലക്ഷത്തിലധികം പേർ രാജ്യത്തുണ്ടെന്നാണ് കണക്ക്.