6000 ബെഡുള്ള കോവിഡ് സെന്റർ നിര്‍മിച്ചെന്ന് ആർഎസ്എസ് സന്ദേശം; ചിത്രം ഖത്തർ സ്‌റ്റേഡിയത്തിന്റേത്!
ഇൻഡോറിലെ രാധാ സവോമി സത്സ്ംഗ് ബിയാസ് ഗ്രൗണ്ടിലാണ് ഇത്തരത്തിൽ ഒരു ആശുപത്രി നിർമിച്ചിട്ടുള്ളത്
കോവിഡിന്റെ രണ്ടാം തരംഗത്തിൽ വ്യാജ വാർത്തകൾക്കും സന്ദേശങ്ങൾക്കും കുറവില്ല. മധ്യപ്രദേശിലെ ഇൻഡോറിൽ 45 ഏക്കറിൽ 6000 ബെഡുകളുള്ള ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കോവിഡ് സെന്റർ ആർഎസ്എസ് നിർമിച്ചു എന്നതാണ് ഇതിൽ ഏറ്റവും പുതിയത്. വാട്‌സ്ആപ്പ് വഴി വ്യാപകമായി ആശുപത്രിയുടെ ചിത്രം പ്രചരിക്കുന്നുണ്ട്. ഇൻഡോറിൽ നാല് ഓക്‌സിജൻ പ്ലാന്റോടു കൂടി ആറായിരം ബെഡുള്ള കോവിഡ് കെയർ സെന്റർ ആർഎസ്എസ് നിർമിച്ചു എന്നാണ് സന്ദേശം.
എന്നാൽ 2022ലെ ഫുട്‌ബോൾ ലോകകപ്പിനായി ഖത്തർ ഒരുക്കിയ ദോഹ അൽഖോറിലെ അൽ ബയ്ത് സ്‌റ്റേഡിയമാണ് ഇതിന്റെ ചിത്രമായി സന്ദേശത്തിൽ ഉപയോഗിച്ചിട്ടുള്ളത് എന്നതാണ്. അറുപതിനായിരം കാണികൾക്ക് ഇരിക്കാൻ ശേഷിയുള്ള കൂറ്റന്‍ സ്റ്റേഡിയമാണ് അൽ ബയ്ത്ത്.
നിർമിച്ചത് ആർഎസ്എസ് അല്ല
ഇൻഡോറിലെ രാധാ സവോമി സത്സ്ംഗ് ബിയാസ് ഗ്രൗണ്ടിലാണ് ഇത്തരത്തിൽ ഒരു ആശുപത്രി നിർമിച്ചിട്ടുള്ളത്. മാ അഹല്യ കോവിഡ് കെയർ സെന്റർ എന്നാണ് പേര്. എന്നാൽ ആശുപത്രി നിർമിച്ചത് ആർഎസ്എസ് അല്ല. മധ്യപ്രദേശ് സർക്കാറിന്റെ മേൽനോട്ടത്തില്‍ വ്യവസായികളുടെ സഹായത്തോടെയാണ് ഇതിന്റെ നിർമാണം നടന്നത്. പഞ്ചാബ് ആസ്ഥാനമായ രാഷ്ട്രീയ ബന്ധമോ ചായ്‌വോ ഇല്ലാത്ത ലാഭേച്ഛയില്ലാത്ത സംഘടനയാണ് രാധാ സവോമി.
നിലവിൽ 600 ബെഡുകളാണ് ആശുപത്രിയിലെ ശേഷിയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ആറായിരം ബെഡ് ആക്കാനുള്ള പദ്ധതിയുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു.
ചുരുക്കത്തിൽ, മധ്യപ്രദേശിലെ മാ അഹല്യ കോവിഡ് കെയർ സെന്റർ നിർമിച്ചത് ആർഎസ്എസ് അല്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന സന്ദേശത്തിന് ആർഎസ്എസിന് പ്രത്യക്ഷമായ ബന്ധവുമില്ല.