പ്രാർഥന ഫലം കണ്ടു, സ്റ്റാലിന് അധികാരത്തിലെത്തി; നാവ് മുറിച്ചെടുത്ത് ക്ഷേത്രത്തിലെത്തി യുവതി
ഡി.എം.കെ അധികാരത്തിലെത്തിയാൽ നാവ് മുറിച്ചെടുത്ത് ദൈവത്തിന് മുന്നിൽ സമർപ്പിക്കാൻ യുവതി നേരത്തെ തീരുമാനിച്ചിരുന്നു
പ്രാർഥന പോലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ എം.കെ.സ്റ്റാലിൻ അധികാരത്തിലെത്തിയതോടെ നാവ് മുറിച്ചെടുത്ത് ക്ഷേത്രത്തിലെത്തി ഡി.എം.കെ അനുഭാവിയായ യുവതി. രാമനാഥപുരം ജില്ലയിലെ പരമക്കുടി സ്വദേശിയായ 32കാരിയാണ് പ്രാർഥന ഫലം കണ്ടതോടെ നാവ് മുറിച്ചെടുത്ത് ക്ഷേത്രത്തിലെത്തിയത്.
വായയിൽ നിന്ന് രക്തമൊലിക്കുന്ന നിലയിൽ പരമക്കുടിയിലെ മുതലാമ്മാൻ ക്ഷേത്രത്തിന് മുന്നിൽ കണ്ട യുവതിയെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സർക്കാർ അധികാരത്തിലെത്തിയാൽ നാവ് മുറിച്ചെടുത്ത് ദൈവത്തിന് മുന്നിൽ സമർപ്പിക്കാൻ യുവതി നേരത്തെ തീരുമാനിച്ചിരുന്നു. രാഷ്ട്രീയ ആരാധന കാരണം ആളുകൾ ജീവനൊടുക്കിയ സംഭവങ്ങൾ ഉൾപ്പെടെ നേരത്തെയും തമിഴിനാട്ടിൽ റിപ്പോർട്ട് ചെയ്തിരുന്നു.
സ്റ്റാലിൻ വിജയിച്ചതോടെ നാവ് മുറിച്ചെടുത്ത് യുവതി ക്ഷേത്രത്തിലെത്തി. എന്നാൽ ക്ഷേത്രം തുറക്കാത്തതിനാൽ യുവതിക്ക് ഏറെ നേരം പുറത്ത് കാത്തുനിൽക്കേണ്ടിവന്നു. ഈ സമയത്താണ് വായിൽനിന്ന് രക്തം വാർന്നു നിൽക്കുന്ന യുവതിയെ നാട്ടുകാർ കണ്ടതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.