കോവിഡ് വാക്സിനേഷൻ വേഗത്തിലാക്കാൻ കേന്ദ്രം; 12 കോടി ഡോസ് ഈ മാസം വിതരണം ചെയ്യും
അധിക ഡോസുകൾ ഉത്പാദിപ്പിക്കുമെന്ന് ഭാരത് ബയോടെകും സിറം ഇൻസ്റ്റിട്യൂട്ടും വ്യക്തമാക്കിയിട്ടുണ്ട്
കോവിഡ് പ്രതിരോധ കുത്തിവെപ്പ് വേഗത്തിലാക്കാൻ കേന്ദ്രം. 12 കോടി ഡോസ് ഈ മാസം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിതരണം ചെയ്യും. കേന്ദ്രത്തിന്റെ കൈവശം ബാക്കിയുള്ള ഡോസും അനുവദിക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.
അധിക ഡോസുകൾ ഉത്പാദിപ്പിക്കുമെന്ന് ഭാരത് ബയോടെകും സിറം ഇൻസ്റ്റിട്യൂട്ടും വ്യക്തമാക്കിയിട്ടുണ്ട്. സ്പുട്നിക് വാക്സിന്റെ മൂന്ന് ലക്ഷത്തോളം ഡോസുകൾ ഇന്നലെ രാത്രി റഷ്യയിൽ നിന്നെത്തി. അടുത്ത രണ്ട് മാസത്തിനകം രണ്ട് കോടിയോളം ഡോസ് കൂടി എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. രണ്ട് ലക്ഷത്തിലധികം ഡോസുകൾ രണ്ട് ബാച്ചുകളിലായി ഇതിനോടകം രാജ്യത്ത് എത്തിച്ച് കഴിഞ്ഞു.
ഫൈസർ, മൊഡേണ, ജോൺസൺ ആന്റ് ജോൺസൺ എന്നീ കമ്പനികളുമായും കേന്ദ്രം ചർച്ച നടത്തുന്നുണ്ട്. അതിനിടെ രണ്ട് കോവിഡ് വാക്സിൻ ഡോസുകൾ കലർത്തിയുള്ള പരീക്ഷണം രാജ്യത്ത് ഉടൻ ആരംഭിക്കും. അതിനിടെ വാക്സിൻ കയറ്റുമതിക്ക് ഇന്ത്യ ഏർപ്പെടുത്തിയ നിരോധനം 91 രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തി. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞ പശ്ചാത്തലത്തിൽ കോവിഡ് വാക്സിനേഷൻ വേഗത്തിലാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.