ഔദ്യോഗിക വസതി കോവിഡ് ചികിത്സാ കേന്ദ്രമാക്കി തേജസ്വി യാദവ്
ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ വസതികളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറണമെന്ന് തേജസ്വി യാദവ് പറഞ്ഞു
ഔദ്യോഗിക വസതി കോവിഡ് സെന്ററാക്കി മാറ്റി പ്രതിപക്ഷ നേതാവും ആര്‍.ജെ.ഡി തലവനുമായ തേജസ്വി യാദവ്. പാറ്റ്നയിലുള്ള തന്റെ വസതിയാണ് തേജസ്വി കോവിഡ് ചികിത്സക്കായി വിട്ടുകൊടുത്തത്. കോവിഡ് പരിചരണത്തിനായി അവശ്യ മരുന്നുകള്‍, കിടത്തി ചികിത്സിക്കാനായി ബെഡുകള്‍, ഓക്‌സിജന്‍, സൗജന്യ ഭക്ഷണം എന്നിവയും ആര്‍.ജെ.ഡി തലവന്‍ സജ്ജീകരിച്ചു.
അദ്ദേഹത്തിന്റെ പ്രൈവറ്റ് ഫണ്ടുപയോഗിച്ചാണ് കോവിഡ് കേന്ദ്രം സ്ഥാപിച്ചത്. കോവിഡ് ചികിത്സക്ക് ജനങ്ങള്‍ക്ക് വേണ്ടത്ര സൗകര്യങ്ങള്‍ സംസ്ഥാനത്തില്ലെന്ന് തേജസ്വി പറഞ്ഞു. ഉത്തരവാദിത്ത ബോധമുള്ള പ്രതിപക്ഷമെന്ന നിലയില്‍ ഞങ്ങളുടെ വസതികള്‍ കോവിഡ് ചികിത്സക്കായി കൈമാറുകയാണ്.
സര്‍ക്കാര്‍ വസതികളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറണമെന്ന് തേജസ്വി യാദവ് പറഞ്ഞു. ഇത് സൂചിപ്പിച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തെഴുതിയെങ്കിലും മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ആറായിരത്തിലേറെ പുതിയ കോവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ ബിഹാറില്‍ റിപ്പോര്‍ട്ട് ചെയ്തത്. 111 കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.