ടി.പി.ആര്‍ 5% ല്‍ താഴെ, 70 ശതമാനത്തിനും വാക്സിനേഷന്‍; എങ്കില്‍ മാത്രം അണ്‍ലോക്കെന്ന് ഐ.സി.എം.ആര്‍
കോവിഡ് കേസുകൾ കുറയുമ്പോൾ നിയന്ത്രണങ്ങൾ വളരെ ജാഗ്രതയോടെ മാത്രമേ നീക്കാൻ പാടുള്ളൂ
മെയ് ആദ്യവാരം മുതല്‍ കോവിഡ് കേസുകളില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കാൻ ഡിസംബറാകുമെന്ന് കേന്ദ്ര മന്ത്രാലയം. മെയ് 28 മുതൽ പ്രതിദിനം രണ്ട് ലക്ഷത്തിന് താഴെ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഏറ്റവും ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ശേഷം മെയ് ഏഴ് മുതൽ 69 ശതമാനത്തോളം കേസുകൾ കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
കോവിഡ് കേസുകൾ കുറയുമ്പോൾ നിയന്ത്രണങ്ങൾ വളരെ ജാഗ്രതയോടെ മാത്രമേ നീക്കാൻ പാടുള്ളൂ. ഏഴ് ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെ ആകുകയും പ്രായമായ ജനസംഖ്യയുടെ 70 ശതമാനം പേർക്കും വാക്‌സിൻ എടുക്കുകയും ചെയ്താൽ മാത്രമേ പൂർണമായും നിയന്ത്രണങ്ങൾ ഒഴിവാക്കാൻ പാടുള്ളൂവെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ് വ്യക്തമാക്കി. ഇന്ത്യയിലെ 718 ജില്ലകളിൽ പകുതിയോളം - ഇപ്പോൾ ഏഴ് ദിവസത്തെ പോസിറ്റിവിറ്റി 5 ശതമാനത്തിൽ താഴെയാണെന്ന് ഭാര്‍ഗവ് വ്യക്തമാക്കി.
രാജ്യത്ത് വാക്‌സിന്‍ ക്ഷാമം ഇല്ലെന്നും ജൂലൈ പകുതിയോടെയോ ആഗസ്തിലോ പ്രതിദിനം ഒരു കോടി ആളുകൾക്ക് നൽകാനുള്ള വാക്‌സിൻ ഡോസുകൾ ലഭ്യമാകും. ഡിസംബറോടെ മുഴുവൻ പേർക്കും വാക്‌സിൻ നൽകാൻ സാധിക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും ഐസിഎംആർ മേധാവി അറിയിച്ചു.
രാജ്യത്ത് ഇതുവരെ 21.60 കോടി വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തത്. ഇതിൽ 1.67 കോടി ഡോസ് ആരോഗ്യ പ്രവർത്തർക്കാണ് നൽകിയത്. 2.42 കോടി കോവിഡ് മുൻനിര പോരാളികൾക്ക്, 15.48 കോടി ഡോസ് 45 വയസിന് മുകളിലുള്ളവർക്ക്, 18നും 44 വയസിനും ഇടയിലുള്ളവർക്കുമായി 2.03 ഡോസ് വാക്‌സിനും വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.