വീടിനുള്ളിൽ പോലും മാസ്‌ക് ധരിക്കേണ്ട സാഹചര്യം; മുന്നറിയിപ്പുമായി കേന്ദ്രം.

സ്വയം മുൻകരുതലുകൾ പാലിച്ചില്ലെങ്കിൽ സ്ഥിതി കൂടുതൽ പ്രതിസന്ധിയിലേക്ക് പോകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.

Update: 2021-04-26 14:59 GMT
Editor : Nidhin | By : Web Desk
Advertising

ജനങ്ങൾ വീടിനുള്ളിൽ പോലും മാസ്‌ക് ധരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് കേന്ദ്ര സർക്കാർ. നീതി ആയോഗ് അംഗം വി.കെ. പോളാണ് ഇത്തരത്തിലുള്ള ഒരു നിർദേശം മുന്നോട്ടുവച്ചത്. രാജ്യത്ത് ആവശ്യമായ മെഡിക്കൽ ഓക്‌സിജൻ ലഭ്യമാണെന്നും എന്നാൽ ക്ഷാമം നേരിടുന്ന ആശുപത്രികളിലേക്ക് എത്തിക്കുക എന്നതാണ് വെല്ലുവിളിയെന്നും സർക്കാർ അറിയിച്ചു. വിദേശത്ത് നിന്ന് ഓക്‌സിജൻ ടാങ്കറുകൾ വാങ്ങുന്നതിനോ വാടകയ്ക്ക് എടുക്കുന്നതിനോ നടപടികൾ ആരംഭിച്ചവെന്നും സർക്കാർ പറഞ്ഞു.

സ്വയം മുൻകരുതലുകൾ പാലിച്ചില്ലെങ്കിൽ സ്ഥിതി കൂടുതൽ പ്രതിസന്ധിയിലേക്ക് പോകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. ഒരാളിൽ നിന്ന് 30 ദിവസത്തിനുള്ളിൽ 406 പേർക്ക് വരെ രോഗം ബാധിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാണിച്ചു. നിലവിലെ കോവിഡ് അവസ്ഥയെക്കുറിച്ച് പരിഭ്രാന്തരാകരുതെന്ന് കേന്ദ്രം ജനങ്ങളോട് അഭ്യർത്ഥിച്ചു. അനാവശ്യമായ പരിഭ്രാന്തി ഗുണത്തേക്കാൾ കൂടുതൽ ദോഷം വരുത്തും. പരിഭ്രാന്തി മൂലം നിരവധി പേർ ആശുപത്രി കിടക്കകൾ കൈവശം വെയ്ക്കുന്നുണ്ടെന്നും എന്നാൽ ഡോക്ടർമാരുടെ ഉപദേശപ്രകാരം മാത്രം ആശുപത്രിയിൽ പ്രവേശനം നേടണമെന്നും സർക്കാർ അറിയിച്ചു.

എന്നാൽ ഓക്‌സിജൻ ടാങ്കറുകളുടെ ഗതാഗതം ഒരു പ്രധാന വെല്ലുവിളിയാണെന്ന് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാണിച്ചു. തത്സമയ ട്രാക്കിംഗ് ഉപയോഗിച്ച് ഓക്‌സിജൻ ടാങ്കറുകളുടെ ഗതാഗതം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയ അഡീഷണൽ സെക്രട്ടറി പീയൂഷ് ഗോയൽ പറഞ്ഞു. രാജ്യത്ത് കോവിഡ് പിടിതരാതെ കുതിക്കുമ്പോഴാണ് കേന്ദ്രത്തിൽ നിന്ന് ഇത്തരമൊരു നിർദേശം വന്നത്.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News