കേരളത്തിൽ പിണറായി, ബംഗാളിൽ മമത, അസമിൽ സോനോവാൾ; ഭരണവിരുദ്ധ വികാരത്തിനിതെന്തു പറ്റി?
ഭരണവിരുദ്ധ വികാരത്തിനു പകരം ഭരണമുന്നണികളെ ജനങ്ങൾ കൂടുതൽ വിശ്വാസത്തിലെടുക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്
അഞ്ച് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മൂന്നിടത്തും ഭരണമുന്നണിയെ തന്നെയാണ് ജനങ്ങൾ വീണ്ടും തെരഞ്ഞെടുത്തിരിക്കുന്നത്. അതും കഴിഞ്ഞ തവണത്തെക്കാളും മികച്ച ഭൂരിപക്ഷത്തിന്. കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ മുന്നണി 99 സീറ്റുകളുമായി ഞെട്ടിപ്പിക്കുന്ന വിജയം സ്വന്തമാക്കിയപ്പോൾ ബംഗാളിൽ 213ന്റെ മൃഗീയ ഭൂരിപക്ഷമാണ് മമതയ്ക്ക് ലഭിച്ചിരിക്കുന്നത്. അസമിൽ സർബാനന്ദ സോനോവാളിന്റെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിക്ക് ജനം ഒരിക്കൽകൂടി അവസരം നൽകിയിരിക്കുന്നു.
കേരളത്തിൽ ഭരണത്തുടർച്ച ചരിത്രത്തിലാദ്യമാണ്. മുന്നണികൾക്ക് മാറിമാറി അവസരം നൽകുന്ന ശീലമാണ് മലയാളികൾക്കുള്ളത്. എന്നാൽ ഇത്തവണ ശീലം തെറ്റിച്ചിരിക്കുകയാണ് മലയാളി. ഭരണവിരുദ്ധ വികാരത്തിന്റെ ഒരു തരത്തിലുമുള്ള സൂചനകളുമുണ്ടായിരുന്നില്ലെന്നു മാത്രമല്ല, രണ്ടു പ്രളയക്കാലത്തും കോവിഡ്, നിപ മഹാമാരികളുടെ കാലത്തും സർക്കാർ നടത്തിയ ഇടപെടലുകളെ അംഗീകരിക്കുന്ന തരത്തിലാണ് ജനവിധി.
ബംഗാളിൽ എല്ലാവിധ സന്നാഹങ്ങളും വർഗീയ പ്രചാരണങ്ങളുമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും വളരെ മുൻപ് ബിജെപി സജീവമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കും അടക്കമുള്ള ദേശീയ നേതാക്കളുടെ വൻനിര ക്യാംപ് ചെയ്തു പ്രവർത്തിച്ചിട്ടും മമതയ്ക്ക് അൽപം പോലും പോറലേൽപ്പിക്കാൻ ബിജെപിക്കായില്ല. കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും സീറ്റുകൾ പിടിച്ചെടുക്കാൻ മാത്രമാണ് അവർക്കായത്. മമത കാരണമാണ് തൃണമൂൽ ജയിച്ചതെന്നാണ് ബംഗാളിൽനിന്നുള്ള ബിജെപി ദേശീയ സെക്രട്ടറി കൈലാഷ് വിജയവാർഗിയ തെരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിക്കവെ പറഞ്ഞത്. ജനങ്ങൾ ദീദിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്നും പാർട്ടിക്ക് എവിടെയാണ് പിഴച്ചതെന്ന് പുനർവിചിന്തനം നടത്തുമെന്നും അദ്ദേഹം സമ്മതിക്കുകയുണ്ടായി.
അസമിൽ ഭരണകക്ഷിയായ എൻഡിഎ ആദ്യമൊക്കെ വൻ ആത്മവിശ്വാസത്തിലായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അൽപം പ്രതിരോധത്തിലായിരുന്നു. ലോവർ അസമിൽ വൻ സ്വാധീനമുള്ള ബദ്‌റുദ്ദീൻ അജ്മലിന്റെ എഐയുഡിഎഫുമായും ബോഡോലാൻഡ് പീപ്പിൾസ് പാർട്ടിയുമായും ചേർന്ന് കോൺഗ്രസ് രൂപീകരിച്ച മഹാസഖ്യം വെല്ലുവിളിയാകുമെന്നായിരുന്നു ബിജെപി തന്നെ കരുതിയിരുന്നത്. എന്നാൽ, ഫലം വന്നപ്പോൾ കാര്യമായി പരിക്കുകളൊന്നുമില്ലാതെ എൻഡിഎ മുന്നണി വീണ്ടും അധികാരം പിടിക്കുന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ തവണത്തെക്കാൾ രണ്ടോ മൂന്നോ സീറ്റിന്റെ കുറവ് മാത്രമാണ് എൻഡിഎ മുന്നണിക്ക് ഇതുവരെയുള്ള കണക്കുപ്രകാരം ഉണ്ടായിട്ടുള്ളത്.
തമിഴ്‌നാടും പുതുച്ചേരിയുമാണ് അപവാദമായുള്ളത്. തമിഴ്‌നാട്ടിൽ പ്രതിപക്ഷമായ ഡിഎംകെയുടെ നേതൃത്വത്തിലുള്ള മുന്നണിക്ക് മികച്ച ലീഡുമായി ഭരണം പിടിക്കുമ്പോൾ പുതുച്ചേരിയിൽ എഐഎൻആർസി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി അധികാരം പിടിച്ചെടുക്കുമെന്നും ഏകദേശം ഉറപ്പായിട്ടുണ്ട്.