'പോയി ചാക്; കോവിഡ് രോഗികളോട് ഉത്തര്‍ പ്രദേശ് ഹെൽപ് ലൈൻ ജീവനക്കാരി
കോവിഡ് രോഗിയോട് പോയി ചാക് എന്ന് പറഞ്ഞ് ഇവർ ആക്രോശിക്കുന്ന ഓഡിയോ ഇതിനോടകം തന്നെ വൈറലായി
കോവിഡ് രോഗികളോട് ക്രൂരമായി ഭാഷയിൽ പ്രതികരിച്ച് ഉത്തര്‍ പ്രദേശ് ഹെൽപ് ലൈൻ ജീവനക്കാരി. യുപിയിൽ കോവിഡ് രോഗികളെ സഹായിക്കുന്നതിനായി രൂപീകരിച്ച ഇന്‍റഗ്രേറ്റഡ് കോവിഡ് കമാൻഡ് സെന്‍ററിലെ ജീവനക്കാരിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. കോവിഡ് രോഗിയോട് പോയി ചാക് എന്ന് പറഞ്ഞ് ഇവർ ആക്രോശിക്കുന്ന ഓഡിയോ ഇതിനോടകം തന്നെ വൈറലായി.
സന്തോഷ് സിംഗ് എന്നയാളാണ് സർക്കാർ ഹെൽപ് ലൈനിലെ ജീവനക്കാരിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 12ന് ഇയാളുടെ കുടുംബത്തിലെ എല്ലാവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. വിവരങ്ങൾ അറിയാൻ വിളിച്ച ഹെൽപ് ലൈൻ ജീവനക്കാരിയാണ് ഇവരോട് കടുത്ത ഭാഷയിൽ സംസാരിച്ചതെന്നാണ് കത്തിൽ ആരോപിക്കുന്നത്.
'ഏപ്രിൽ പതിനഞ്ചിന് രാവിലെ എട്ടേകാലോടെയാണ് കമാൻഡ് സെന്‍ററിൽ നിന്നും കോൾ വരുന്നത്. ഹോം ഐസലേഷനിൽ കഴിയുന്നവർക്കായുള്ള ആപ്പ് ഡൗൺലോഡ് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകിയോ എന്നായിരുന്നു വിളിച്ച ജീവനക്കാരി ചോദിച്ചത്. ഇങ്ങനെ ചെയ്യണമെന്ന് തന്നോടോ കുടുംബത്തോടോ ആരും പറഞ്ഞിരുന്നില്ലെന്നും ഇതിനെക്കുറിച്ച് നിങ്ങള്‍ പറയുമ്പോഴാണ് അറിയുന്നതെന്നും പറഞ്ഞു. ഇതുവരെ ഒരു ഡോക്ടർമാരും കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ലെന്ന കാര്യവും അവരോട് സൂചിപ്പിച്ചു. എന്നാൽ ഇത് കേട്ട് ദേഷ്യപ്പെട്ട ആ സ്ത്രീ വിദ്യാഭ്യാസമില്ലാത്ത നിങ്ങളൊക്കെ പോയി ചാക് എന്നാണ് പറഞ്ഞത്'. പരാതിയില്‍ സിംഗ് പറയുന്നു.