പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് മൂന്നാം തരംഗത്തിനു മുമ്പ് വാക്സിന്‍ നല്‍കും: യു.പി സര്‍ക്കാര്‍
മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്ന വിലയിരുത്തലുകള്‍ നിലനില്‍ക്കെയാണ് നടപടി
പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് വാക്സിന്‍ നല്‍കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കോവിഡിന്‍റെ മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്ന വിലയിരുത്തലുകള്‍ നിലനില്‍ക്കെയാണ് നടപടി. കൊറോണ വൈറസിന്‍റെ മൂന്നാം തരംഗം വരുന്നതിനുമുമ്പ് പത്തു വയസ്സിന് താഴെയുള്ള എല്ലാ കുട്ടികളുടെയും മാതാപിതാക്കൾക്ക് വാക്സിൻ നല്‍കാനുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
ജൂണ്‍ മാസത്തോടുകൂടി സംസ്ഥാനത്ത് വാക്സിനേഷന്‍ പ്രക്രിയ വേഗത്തിലാകുമെന്നും ആദിത്യനാഥ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മെയ് അവസാനത്തോടെ രണ്ടാം തരംഗത്തെ നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അതിന് പൊതുജനം സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അതേസമയം, രണ്ടാം തരംഗത്തിന്‍റെ അവസാന ഘട്ടത്തിലും മൂന്നാംഘട്ടത്തിലും കോവിഡിന് കുട്ടികളെ സ്വാധീനിക്കാന്‍ ശേഷിയുള്ളതായാണ് സൂചന. കുട്ടികളില്‍ നേരിയ തോതില്‍ മാത്രമെ രോഗലക്ഷണങ്ങള്‍ പ്രകടമാവൂ എന്നും അത് തള്ളിക്കളയരുതെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഡല്‍ഹിയില്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവെ നീതി ആയോഗ് അംഗം ഡോ. വി.കെ. പോളാണ് ഇക്കാര്യം വ്യക്തമാക്കിയത്.