ഏപ്രില്‍ അവസാനത്തോടെ കോവിഡ് ഏറ്റവും നാശം വിതയ്ക്കുക യു.പിയിലെന്ന് മുന്നറിയിപ്പ്
ഉത്തര്‍പ്രദേശിലെ കോവിഡ് സാഹചര്യം മഹാരാഷ്ട്രയിലേതിനേക്കാള്‍ മോശമാകുമെന്ന് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്
ഉത്തര്‍പ്രദേശിലെ കോവിഡ് സാഹചര്യം ഏപ്രില്‍ അവസാനത്തോടെ മഹാരാഷ്ട്രയിലേതിനേക്കാള്‍ മോശമാകുമെന്ന് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ യു.പിയിലെ പ്രതിദിന കോവിഡ് കണക്ക് ഏപ്രില്‍ 30ഓടെ 1,19,000 ആവുമെന്നാണ് നീതി ആയോഗ് അംഗം വി കെ പോള്‍ പറയുന്നത്. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് വി കെ പോള്‍ ഇക്കാര്യം അറിയിച്ചതെന്ന് എകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഏപ്രില്‍ 30ഓടെ മഹാരാഷ്ട്രയിലെ പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തോട് അടുക്കുമെന്നും ഡല്‍ഹിയിലേത് 67000വും ഛത്തിസ്‍ഗഡിലേത് 61000വും പിന്നിടുമെന്നും നീതി ആയോഗ് മുന്നറിയിപ്പ് നല്‍കുന്നു. കേരളത്തിലെ പ്രതിദിന കോവിഡ് കണക്ക് 38,657 വരെ എത്തിയേക്കാം. രാജസ്ഥാനില്‍ 55000വും മധ്യപ്രദേശില്‍ 46000വും കര്‍ണാടകയില്‍ 38000വും തമിഴ്നാട്ടില്‍ 26000വും ഗുജറാത്തില്‍ 25000വും കേസുകള്‍ ഏപ്രില്‍ 30ഓടെ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെടുന്നത് സംസ്ഥാനത്ത് ആവശ്യത്തിന് ഓക്സിജന്‍ സിലിണ്ടറുകള്‍ ഉണ്ടെന്നാണ്. അഭ്യൂഹങ്ങൾ പരത്തുന്നവരുടെ സ്വത്ത് പിടിച്ചടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിൽ ഇത്തരം വാർത്തകൾ പങ്കുവെയ്ക്കുന്നവർക്കെതിരെ ദേശസുരക്ഷാ നിയമപ്രകാരം കേസെടുക്കാനും യോഗി പൊലീസിന് നിർദേശം നൽകി. സർക്കാർ-സ്വകാര്യ ആശുപത്രികളിലൊന്നും ഓക്‌സിജൻ ക്ഷാമമില്ലെന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടത്. കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പുമാണ് യഥാർത്ഥ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.
വ്യാജവാർത്തകൾ പരത്തി, അന്തരീക്ഷം മോശമാക്കുന്നവർക്കെതിരെ പൊതുസുരക്ഷാ-ഗുണ്ടാ നിയമപ്രകാരം കേസെടുക്കും. ഇത്തരം ആളുകൾ ജനങ്ങൾക്കിടയിൽ അനാവശ്യമായ ഭയം ഉണ്ടാക്കുകയാണ്. മരുന്നുകൾ പൂഴ്ത്തിവയ്ക്കുന്നവർക്കെതിരെയും കരിഞ്ചന്തയില്‍ വിൽക്കുന്നവർക്ക് എതിരെയും ശക്തമായ നടപടിയുണ്ടാകും- യോഗി ആദിത്യനാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓക്സിജന്‍ കിട്ടാതെ ആരും ലക്നൌവില്‍ മരിച്ചിട്ടില്ലെന്നാണ് മെഡിക്കല്‍ എജുക്കേഷന്‍ മന്ത്രി സുരേഷ് ഖന്ന അവകാശപ്പെട്ടത്. എന്നാല്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ലക്നൌ, കാണ്‍പൂര്‍, ആഗ്ര, സുല്‍ത്താന്‍പൂര്‍ തുടങ്ങിയ നഗരങ്ങളില്‍ ഓക്സിജന്‍ ക്ഷാമം ഉണ്ടെന്നാണ്.