50 വര്‍ഷത്തെ സേവനം; കോവിഡ് ബാധിച്ച ഡോക്ടര്‍ ഒടുവില്‍ വെന്‍റിലേറ്റര്‍ കിട്ടാതെ മരിച്ചു

85കാരനായ മിശ്ര പ്രയാഗ്രജിലെ സ്വരൂപ്റാണി നെഹ്രു ആശുപത്രിയിലെ ഡോക്ടറായിരുന്നു.

Update: 2021-04-26 11:14 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഭയാനകമാണ് അനുനിമിഷം പുറത്തുവരുന്ന കോവിഡ് കണക്കുകള്‍. ഓക്സിജന്‍ കിട്ടാതെ കോവിഡ് രോഗികള്‍ മരിച്ചു വീഴുന്നു. വെന്‍റിലേറ്റര്‍ സൌകര്യം ലഭിക്കുക എന്നത് തന്നെ ഒരു കോവിഡ് രോഗിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. അത് രോഗിയായാലും രോഗം ബാധിച്ച ഡോക്ടറായാലും. അത്തരമൊരു ദാരുണ മരണമാണ് യുപിയില്‍ അമ്പത് വര്‍ഷം ഡോക്ടറായി സേവനമനുഷ്ഠിച്ച ഡോക്ടര്‍ ജെ.കെ മിശ്രക്കുണ്ടായത്. വെന്‍റിലേറ്റര്‍ ലഭിക്കാതെ ഭാര്യയുടെ മുന്നില്‍ കിടന്നു മരിക്കാനായിരുന്നു മിശ്രയുടെ വിധി. അതും താന്‍ ജോലി ചെയ്തുകൊണ്ടിരുന്ന ആശുപത്രിയില്‍ വച്ചാണെന്നതാണ് ഏറ്റവും സങ്കടകരമായ അവസ്ഥ.

85കാരനായ മിശ്ര പ്രയാഗ്രജിലെ സ്വരൂപ്റാണി നെഹ്രു ആശുപത്രിയിലെ ഡോക്ടറായിരുന്നു. ഏപ്രില്‍ 13നാണ് മിശ്രക്ക് കോവിഡ് ബാധിക്കുന്നത്. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതിനെ തുടര്‍ന്ന് മൂന്നു ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും എന്നാല്‍ പിന്നീട് മിശ്രയുടെ സ്ഥിതി വഷളാവുകയായിരുന്നു. മിശ്രയെ വെന്‍റിലേറ്ററിലേക്ക് മാറ്റണമെന്ന് മറ്റ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും ബെഡ് സൌകര്യമുണ്ടായിരുന്നില്ല.

നൂറോളം വെന്‍റിലേറ്ററുകൾ ആശുപത്രിയിലുണ്ടെന്നും എന്നാൽ എന്നാല്‍ എല്ലാത്തിലും രോഗികളുണ്ടായിരുന്നെന്നും എസ്‌ആർ‌എൻ ആശുപത്രിയിലെ അത്യാഹിത മെഡിക്കൽ ഓഫീസർ സൂര്യഭാൻ കുശ്വാഹ പറഞ്ഞു. മിശ്രക്ക് വേണ്ടി ഒരു രോഗിയെ വെന്‍റിലേറ്ററില്‍ നിന്നും മാറ്റുകയെന്നത് സാധ്യമായ കാര്യമായിരുന്നില്ലെന്നും കുശ്വാഹ കൂട്ടിച്ചേര്‍ത്തു.

കോവിഡ് രൂക്ഷമായ രണ്ടാമത്തെ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 2.97 ലക്ഷം കോവിഡ് രോഗികളാണ് ഇവിടെയുള്ളത്. കേസുകള്‍ കൂടുന്നുണ്ടെങ്കിലും മതിയായ ചികിത്സാ സൌകര്യങ്ങളില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News