അയോധ്യയിലും മഥുരയിലും വാരാണസിയിലും തോറ്റു; സെമി ഫൈനൽ പോരിൽ കാലിടറി ബിജെപി

ബിജെപിയുടെ രാഷ്ട്രീയ അജണ്ട നിശ്ചയിച്ച അയോധ്യ-മഥുര-കാശി ജില്ലകളിലെ തോൽവി പാർട്ടിക്കേറ്റ കനത്ത ആഘാതമായി

Update: 2021-05-04 16:29 GMT
Editor : abs | By : Web Desk
Advertising

ഉത്തർപ്രദേശ് ജില്ലാ പഞ്ചായത്ത് തെരഞ്ഞൈടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി. അയോധ്യ, മഥുര, വാരാണസി തുടങ്ങിയ ശക്തി കേന്ദ്രങ്ങളിലെല്ലാം തിരിച്ചടി നേരിട്ട ബിജെപി, സമാജ് വാദി പാർട്ടിക്ക് പിറകിൽ രണ്ടാമതായി. എസ്പിക്ക് 760 ജില്ലാ പഞ്ചായത്ത് സീറ്റുകളാണ് ലഭിച്ചത്. ബിജെപിക്ക് ലഭിച്ചത് 719 സീറ്റു മാത്രവും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെയാണ് ഭരണകക്ഷിക്ക് അപ്രതീക്ഷിത തിരിച്ചടി നേരിടുന്നത്.

മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയും മികച്ച പ്രകടനം നടത്തി. 381 സീറ്റാണ് ബിഎസ്പി നേടിയത്. പിന്തുണ നല്‍കിയ സ്വതന്ത്രരെ കൂടാതെ കോൺഗ്രസ് 76 സീറ്റു സ്വന്തമാക്കി. 1114 സീറ്റിൽ സ്വതന്ത്രരാണ് ജയിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ വാരാണസിയിലെ 40 ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ എട്ടെണ്ണം മാത്രമാണ് ബിജെപിക്കു നേടാനായത്. സമാജ് വാദി പാർട്ടി 14 സീറ്റും ബിഎസ്പി അഞ്ചു സീറ്റും നേടി. ആം ആദ്മി പാർട്ടിയും വാരാണസിയിൽ അക്കൗണ്ട് തുറന്നു. മറ്റിടങ്ങളില്‍ സ്വതന്ത്രര്‍ ജയിച്ചു. കൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയിൽ 12 സീറ്റു നേടി ബിഎസ്പിയാണ് ഒന്നാമതെത്തിയത്. അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദൾ ഒമ്പത് സീറ്റു നേടി. ബിജെപി എട്ടിടത്താണ് ജയിച്ചത്.

രാമക്ഷേത്ര ഭൂമിയായ അയോധ്യയിലും ബിജെപിയുടെ പ്രകടനം ദയനീയമായിരുന്നു. ജില്ലയിലെ 40 സീറ്റിൽ 24 ഇടത്തും സമാജ് വാദി പാർട്ടിയാണ് ജയിച്ചത്. ബിജെപിക്ക് ആറിടത്തേ ജയിക്കാനായുള്ളൂ. 

ബിജെപിയുടെ രാഷ്ട്രീയ അജണ്ട നിശ്ചയിച്ച അയോധ്യ-മഥുര-കാശി ജില്ലകളിലെ തോൽവി പാർട്ടിക്കേറ്റ കനത്ത ആഘാതമായി. രാമക്ഷേത്ര നിർമാണവുമായി ബിജെപി മുമ്പോട്ടു പോകുന്ന ഘട്ടത്തിലാണ് പാർട്ടിക്ക് സംസ്ഥാനത്ത് തിരിച്ചടി നേരിടുന്നത്.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News