കോവിഡ് മുക്തി നേടിയവര്‍ മൂന്നു മാസം കഴിഞ്ഞ് വാക്‌സിനെടുത്താല്‍ മതിയെന്ന് കേന്ദ്രം
മുലയൂട്ടുന്ന സ്ത്രീകൾക്ക് വാക്സിന്‍ നൽകുന്നതു സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തി വരികയാണ്.
കോവിഡിൽനിന്ന് മുക്തി നേടിയവർ മൂന്നു മാസത്തിനുശേഷം വാക്സിനെടുത്താൽ മതിയെന്ന് കേന്ദ്ര സർക്കാർ. നീതി ആയോഗ് അംഗം ഡോ. വി.കെ. പോളിന്റെ നേതൃത്വത്തിലുള്ള കോവിഡ് വാക്സിൻ അഡ്മിനിസ്ട്രേഷൻ സംബന്ധിച്ച ദേശീയ വിദഗ്ദ സംഘം എൻ.ഇ.ജി.വി.സിയുടെ ശിപാർശകൾ പ്രകാരമാണ് പുതിയ നിർദേശങ്ങൾ കേന്ദ്രം പുറപ്പെടുവിച്ചത്.
ആദ്യ ഡോസ് സ്വീകരിച്ചശേഷമാണ് കോവിഡ് വന്നതെങ്കിൽ, സുഖംപ്രാപിച്ച് മൂന്നു മാസം കഴിഞ്ഞിട്ട് മതി രണ്ടാമത്തെ കുത്തിവെപ്പ്. മുലയൂട്ടുന്ന സ്ത്രീകൾക്ക് വാക്സിന്‍ നൽകാനും വിദഗ്ദ സംഘം ശിപാർശ ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തി വരികയാണ്. അതേസമയം, കോവിഡ് വാക്‌സിനേഷന് മുമ്പായി ആന്‍റിജന്‍ ടെസ്റ്റ് നടത്തേണ്ടതില്ലെന്നും ആരോഗ്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
ആന്റിബോഡി- പ്ലാസ്മ ചികിത്സയ്ക്കു വിധേയമായര്‍ ആശുപത്രി വിട്ട് മൂന്നുമാസം കഴിഞ്ഞ് വാക്‌സിനെടുത്താല്‍ മതി. മറ്റു ഗുരുതര അസുഖമുള്ളവര്‍ ആശുപത്രി വാസത്തിനുശേഷം നാലു മുതല്‍ എട്ട് ആഴ്ച കഴിഞ്ഞ് കുത്തിവെപ്പെടുത്താല്‍ മതിയെന്നുള്ള നിര്‍ദേശവും അംഗീകരിച്ചു. കോവിഡ് നെഗറ്റീവാവുകയോ വാക്‌സിന്‍ സ്വീകരിക്കുകയോ ചെയ്ത് 14 ദിവസത്തിന് ശേഷം രക്തദാനം നടത്താമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് ഭേദമായവരിൽ വാക്സിൻ എടുക്കുന്നതിന്റെ കാലയളവ് സംബന്ധിച്ച് ഇതുവരെ കേന്ദ്രം വ്യക്തമായ മാനദണ്ഡം തയാറാക്കിയിരുന്നില്ല. രോഗിയുടെ നിലയനുസരിച്ച് അതാത് ഡോക്ടർമാർ രണ്ടു മുതൽ നാലാഴ്ച വരെ കാലയളവ് നിർദേശിക്കുകയായിരുന്നു പതിവ്.