വാക്സിൻ വിരുദ്ധത ആഗോള പ്രതിഭാസം, കെട്ടുകഥകള്‍ തള്ളിക്കളയണമെനനും കേന്ദ്ര സര്‍ക്കാര്‍
ഉൾനാടുകളിലും, ഗോത്ര മേഖലകളിലും കുത്തിവെപ്പിന്‍റെ സുരക്ഷയെ കുറിച്ച് ഊഹാപോങ്ങൾ പ്രചരിക്കുന്നതായും സർക്കാർ
വാക്സിൻ വിരുദ്ധ പ്രചാരണം ആഗോള പ്രതിഭാസമാണെന്ന് കേന്ദ്ര സർക്കാർ. ഈ വെല്ലുവിളി ശാസ്ത്രീയപരമായി തന്നെ വേണം നേരിടാനെന്നും സർക്കാർ നിർദേശം നൽകി. ഗ്രാമീണ മേഖലകളിൽ ആരോഗ്യ പ്രവർത്തകരിൽ തന്നെ വാക്സിൻ വിരുദ്ധതയുണ്ടെെന്ന മാധ്യമ റിപ്പോർട്ടുകളുടെ പശ്ചാതലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഇടപെടൽ.
ഉൾനാടുകളിലും, ഗോത്ര മേഖലകളിലും കുത്തിവെപ്പ് എടുക്കുന്നതിലെ സുരക്ഷയെ ചുറ്റിപ്പറ്റിയുള്ള ഊഹാപോങ്ങൾ പ്രചരിക്കുന്നതായി സർക്കാർ പറഞ്ഞു. വാക്സിനെ കുറിച്ചുള്ള വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും വാക്സിനേഷൻ പദ്ധതിക്ക് കേന്ദ്രം തുടക്കം മുതൽ സഹായങ്ങൾ ചെയ്യുന്നുണ്ട്. വാക്സിൻ വിരുദ്ധ പ്രചാരണം തടയാൻ 'കോവിഡ് വാക്സിൻ വിനിമയ പദ്ധതി' സംസ്ഥാനങ്ങളുമായി സർക്കാർ പങ്കുവെച്ചിരുന്നതായും ആരോഗ്യമന്ത്രാലയം പറഞ്ഞു.
നേരത്തെ, ഉത്തർപ്രദേശിൽ കുത്തവെപ്പെടുക്കാൻ എത്തിയ ആരോഗ്യപ്രവർത്തകരിൽ നിന്നും രക്ഷപ്പെടാൻ ഒളിച്ചിരുന്ന വൃദ്ധയുടെ വീഡിയോ വൈറലായിരുന്നു. കൂടെയുള്ളവരുടെ നിർബന്ധത്തിന് വഴങ്ങി ഒളിസ്ഥലത്ത് നിന്നും പുറത്തിറങ്ങി വന്ന സ്ത്രീ വാക്സിൻ സ്വീകരിക്കുകയായിരുന്നു.
മധ്യപ്രദേശിൽ തഹസിൽദാരുടെ നേതൃത്വത്തിൽ വാക്സിൻ ബോധവത്കരണത്തിന് എത്തിയവരെ ഗ്രാമീണർ അക്രമിച്ച സംഭവും റിപ്പോർട്ട് ചെയ്തിരുന്നു. ആദിവാസിക്ഷേമ മന്ത്രാലയുമായി ചേർന്ന് വാക്സിനെ കുറിച്ച ബോധവത്കരണം ഏകോപിപ്പിക്കുമെന്നും കേന്ദ്രം പറഞ്ഞു.