വാക്സിൻ നയത്തില്‍ അതിരൂക്ഷ വിമര്‍ശനം; മുഴുവന്‍ കണക്കുകളും നല്‍കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

വാക്സിന്‍ വാങ്ങിയ തീയതി, അളവ്, വിതരണസമയം എന്നിവ വ്യക്തമാക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന് നല്‍കിയ നിര്‍ദേശം.

Update: 2021-06-02 14:58 GMT
Advertising

വാക്സിൻ നയത്തിൽ കേന്ദ്ര സർക്കാറിനെതിരെ അതിരൂക്ഷ വിമർശനവുമായി സുപ്രീംകോടതി. സർക്കാർ നയങ്ങൾ കാരണം പൗരാവകാശങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോൾ നോക്കുകുത്തിയാകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വാക്സിൻ വാങ്ങിയതിന്‍റെ മുഴുവൻ വിശദാംശങ്ങളും നൽകണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെടുകയും ചെയ്തു.

വാക്സിൻ വാങ്ങിയ തീയതി, അളവ്, വിതരണസമയം എന്നിവ വ്യക്തമാക്കണമെന്നാണ് നിര്‍ദേശം. ആദ്യ മൂന്നു ഘട്ടങ്ങളിൽ വാക്സിൻ നൽകിയ ആളുകളുടെ വിശദാംശങ്ങള്‍, വാക്സിൻ ലഭിക്കാതെ പോയവരുടെ കണക്ക് എന്നിവയും കൈമാറണം. നഗരം, ഗ്രാമം എന്നിങ്ങനെ തിരിച്ച് വാക്സിൻ ലഭിച്ചവരുടെ ശതമാനക്കണക്കും നല്‍കണം.

വാക്സിൻ വാങ്ങാനായി വകയിരുത്തിയ 35000 കോടി രൂപ എന്തിനാണ് ചെലവഴിച്ചതെന്ന് അറിയണമെന്നും കോടതി പറഞ്ഞു. രണ്ടാഴ്ചക്കകം സത്യവാങ്മൂലം സമ൪പ്പിക്കണമെന്നാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്‍റെ നിര്‍ദേശം. കോവിഡ് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസിൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം. 

ബജറ്റിൽ വകയിരുത്തിയ പണമുപയോഗിച്ച് 18നും44നും ഇടയിൽ പ്രായമുള്ളവർക്ക് എന്തുകൊണ്ട് സൗജന്യമായി വാക്സിനേഷൻ നൽകിക്കൂടെന്നും കോടതി ആരാഞ്ഞു. 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്‌സിനും അതില്‍ താഴെയുള്ളവര്‍ക്ക് പണമടച്ച് വാക്‌സിനും നല്‍കാനുള്ള കേന്ദ്രത്തിന്റെ നയം ഏകപക്ഷീയവും വിവേചനപരവുമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. 

കോവിൻ ആപ് വഴിയുള്ള രജിസ്ട്രേഷൻ നടപടികൾ അപ്രാപ്യമാകുന്നത് തടയാൻ പുതിയ സംവിധാനങ്ങൾ നിർദേശിക്കാനും കോടതി ആവശ്യപ്പെട്ടു. കൂടുതൽ പേർക്ക് വാക്സിൻ നൽകേണ്ടിവരികയാണെങ്കിൽ ആൾത്തിരക്ക് കുറക്കാൻ 18-44നും ഇടയിൽ പ്രായമുള്ളവരിൽ മറ്റ് രോഗങ്ങളുള്ളവർക്ക് പരിഗണന നൽകി, മുൻഗണന ക്രമം നിശ്ചയിക്കുന്നതിൽ അഭിപ്രായം അറിയിക്കാനും നിര്‍ദേശമുണ്ട്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News