'ഞങ്ങള്‍ നല്ല ഒന്നാം തരം ഗുണ്ടകളാണ്..!' ശിവസേന ഭവനിലെ അക്രമത്തിന് ശേഷം സഞ്ജയ് റാവത്ത്
ബിജെപി - ശിവസേന പ്രവര്‍ത്തകര്‍ തമ്മില്‍ സേന ഓഫീസിന് മുന്നില്‍ കയ്യേറ്റമുണ്ടായതിനെത്തുടര്‍ന്നാണ് ബിജെപിക്കെതിരെ റാവത്ത് ആഞ്ഞടിച്ചത്
''ഗുണ്ടകളായിരിക്കുന്നതിന് ആരും ഞങ്ങൾക്ക് ഒരു സർട്ടിഫിക്കറ്റ് നൽകേണ്ടതില്ല, ഞങ്ങള്‍ നല്ല ഒന്നാം തരം ഗുണ്ടകളാണ്.'' ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ സംസാരിക്കവെയാണ് ശിവസേന എം.പി സഞ്ജയ് റാവത്തിന്‍റെ ഈ പ്രസ്താവന. ബിജെപി - ശിവസേന പ്രവര്‍ത്തകര്‍ തമ്മില്‍ സേന ഓഫീസിന് മുന്നില്‍ കയ്യേറ്റമുണ്ടായതിനെത്തുടര്‍ന്നാണ് ബിജെപിക്കെതിരെ റാവത്ത് ആഞ്ഞടിച്ചത്.
"മറാത്തയുടെയും ഹിന്ദുത്വയുടെയും കാര്യത്തില്‍ ഞങ്ങള്‍ ഗുണ്ടകള്‍ തന്നെയാണ്. ശിവസേന പാര്‍ട്ടി ഓഫീസ് സംസ്ഥാനത്തെ ജനങ്ങളുടെയാണ്. ബാലാസാഹിബ് താക്കറെ ഇരിക്കാറുള്ള സ്ഥലമാണ് ശിവസേനഭവന്‍. ആ ഭവനത്തിന് നേരെ ആരെങ്കിലും അക്രമവുമായി വന്നാല്‍ ഞങ്ങള്‍ പ്രതിരകരിക്കും. ഇനി അത് ഗുണ്ടായിസമാണെന്ന് വിശ്വസിക്കുന്നെങ്കില്‍ അത് അങ്ങനെത്തന്നയിരിക്കട്ടെ." ബിജെപി വനിത പ്രവര്‍ത്തകയെ ശിവസേന പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന ബിജെപി ആരോപണത്തിന് മറുപടിയായാണ് റാവത്തിന്‍റെ പ്രസ്താവന.
2024ലെ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോളെയുടെ പ്രസ്താവനക്കെതിരെയും സഞ്ജയ് റാവത്ത് പ്രതികരിച്ചു. "അവര്‍ നിലവിലെ സര്‍ക്കാരിന്‍റെ ഭാഗമാണ്. എന്നിട്ടും അവര്‍ ഒറ്റക്ക് മത്സരിക്കുമെന്നാണ് നാനാ പട്ടോളെ പറഞ്ഞത്. നിങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാം. പക്ഷെ, ഇവിടെ ആര് ഭരിക്കണമെന്ന് ഞങ്ങളും എന്‍.സി.പിയും തീരുമാനിക്കും." സഞ്ജയ് റാവത്ത് പറഞ്ഞു.