മദ്യം കിട്ടിയില്ല; സാനിറ്റൈസര്‍ കുടിച്ച ഏഴ് പേര്‍ മരിച്ചു

മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലുള്ള വാനി ഗ്രാമത്തിലാണ് സംഭവം

Update: 2021-04-25 02:34 GMT
Editor : Jaisy Thomas | By : Web Desk
Advertising

മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സാനിറ്റൈസര്‍ കുടിച്ച ഏഴ് പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലുള്ള വാനി ഗ്രാമത്തിലാണ് സംഭവം. ദത്ത ലഞ്ചേവര്‍, നൂതന്‍ പത്തരത്കര്‍, ഗണേഷ് നന്ദേക്കര്‍, സന്തോഷ് മെഹര്‍, സുനില്‍ ധെങ്കലെ എന്നിവരാണ് മരിച്ചത്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ഡൌണ്‍ പ്രഖ്യാപിച്ചിരുന്നു. മദ്യം കിട്ടാത്ത അവസ്ഥയാണ് . ഇതിനെ തുടര്‍ന്നാണ് ഇവര്‍ സാനിറ്റൈസര്‍ കുടിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് ദത്ത ലഞ്ചേവര്‍ (47) സാനിറ്റൈസര്‍ കുടിച്ചത്. അവശനിലയിലായതോടെ വാനി റൂറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. സാനിറ്റൈസര്‍ കഴിച്ച മറ്റൊരാള്‍ക്കും അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ഗ്രാമീണ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയോടെ ഇയാളും മരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

65 - 70% ആല്‍ക്കഹോള്‍ ചേര്‍ത്താണു സാനിറ്റൈസര്‍ നിര്‍മിക്കുന്നത്. ഹൈഡ്രജന്‍ പെറോക്‌സൈഡ്, ഗ്ലിസറിന്‍ എന്നിവയും ചേര്‍ക്കുന്നു. ഇതില്‍ മൂന്നിരട്ടി വെള്ളവും മധുരപാനീയങ്ങളും ചേര്‍ത്തു ലഹരിക്കായി ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നമുണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. സാനിറ്റൈസര്‍ കുടിച്ചാല്‍ അന്നനാളം, ആമാശയം, കുടല്‍ എന്നിവയ്ക്കു ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാകും. ആമാശയത്തില്‍ വ്രണം, മുറിവ്, രക്തസ്രാവം എന്നിവയുണ്ടാകും. 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News