കര്‍ഷകസമരത്തിനെത്തിയ യുവതി കോവിഡ് ബാധിച്ച് മരിച്ചു; മകള്‍ കൂട്ടബലാത്സംഗത്തിനിരയായെന്ന് പിതാവ്
ഏപ്രില്‍ 10 നാണ് കര്‍ഷകസമരത്തില്‍ പങ്കെടുക്കാന്‍ പശ്ചിമബംഗാളില്‍ നിന്നുള്ള സംഘത്തിന്‍റെ കൂടെ യുവതിയും യാത്രതിരിക്കുന്നത്.
കര്‍ഷകസമരത്തില്‍ പങ്കെടുക്കാന്‍ പശ്ചിമബംഗാളില്‍ നിന്ന് ഡല്‍ഹി തിക്രി അതിര്‍ത്തിയിലേക്ക് പുറപ്പെട്ട യുവതി വഴിമധ്യേ കൂട്ട ബലാത്സംഗത്തിന് ഇരയായി, കോവിഡ് ബാധിച്ച് മരിച്ചു. 26 കാരിയുടെ പിതാവിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹരിയാനയില്‍വെച്ചാണ് യുവതിയുടെ മരണം സംഭവിച്ചത്.
യുവതിയുടെ അച്ഛന്‍റെ പരാതിയില്‍ രണ്ട് പേരെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. ഏപ്രില്‍ 10 നാണ് കര്‍ഷകസമരത്തില്‍ പങ്കെടുക്കാന്‍ പശ്ചിമബംഗാളില്‍ നിന്നുള്ള സംഘത്തിന്‍റെ കൂടെ യുവതിയും യാത്രതിരിക്കുന്നത്. ഏപ്രില്‍ 26 നാണ് ജജ്ജാര്‍ ജില്ലയിലെ ആശുപത്രിയില്‍ കോവിഡ് ലക്ഷണങ്ങളോടെ യുവതിയെ പ്രവേശിപ്പിക്കുന്നത്. ഏപ്രില്‍ 30ന് യുവതി മരിക്കുകയും ചെയ്തു. അതിന് ശേഷമാണ് പിതാവ് പരാതി നല്‍കിയത് എന്ന് പൊലീസ് അറിയിച്ചു.
യാത്രയ്ക്കിടെ താന്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി എന്ന് മകള്‍ തന്നോട് ഫോണില്‍ അറിയിച്ചിരുന്നു എന്നാണ് പിതാവിന്‍റെ പരാതിയിലുള്ളത്. എന്നാല്‍ യുവതിയെ തങ്ങള്‍ കോവിഡിനാണ് ചികിത്സിച്ചത് എന്ന വിശദീകരണമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്നത്.
ഡല്‍ഹിയിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോള്‍ യുവതിക്ക് കടുത്ത പനി അനുഭവപ്പെട്ടതായി സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ പറയുന്നു. തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും പ്രതികളെ പങ്കെടുപ്പിക്കില്ലെന്നും സംഘടന പ്രസ്താവനയില്‍ പറഞ്ഞു.