ഉത്തർപ്രദേശിൽ പദയാത്രക്കൊരുങ്ങി കോണ്‍ഗ്രസ്സ്
അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് യാത്ര.
അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിൽ പദയാത്ര നടത്തുമെന്ന് കോണ്‍ഗ്രസ്സ്. തെരഞ്ഞെടുപ്പ് ആലോചനകൾക്കായി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഉത്തർപ്രദേശിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമായി 12,000 കിലോമീറ്റർ നീണ്ടുനിൽക്കുന്ന യാത്രക്ക് പ്രിയങ്കാ ഗാന്ധിയാണ് നേതൃത്വം നൽകുക.
അഴിമതി, വിലക്കയറ്റം, കുറ്റകൃത്യം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, തൊഴിലില്ലായ്മ, തുടങ്ങി സംസ്ഥാനം നേരിടുന്ന നിരവധി പ്രശ്നങ്ങൾ യാത്രയിലുടനീളം ജനങ്ങൾക്ക് മുന്നിൽ ഉന്നയിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനായി ഒരുങ്ങാൻ പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ്സ് പ്രവർത്തകരോട് ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രിയങ്കാ ഗാന്ധി സംസ്ഥാനത്തെ പ്രധാന ജില്ലകൾ സന്ദർശിക്കും.
2017 നിയമസഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ കോണ്‍ഗ്രസിൻ്റെ പ്രകടനം വളരെ ദയനീയമായിരുന്നു.403 സീറ്റുകളിൽ വെറും ഏഴ് സീറ്റുകളാണ് കോണ്‍ഗ്രസ്സിന് നേടാനായത്. 312 സീറ്റുകളുമായി ബി.ജെ.പിയാണ് ഉത്തർപ്രദേശ് ഭരിക്കുന്നത്.