വിവാദങ്ങളുടെ 'സുൽത്താൻ', ഒടുവിൽ മുഖ്യമന്ത്രിയും കൈവിട്ടു, ഗത്യന്തരമില്ലാതെ രാജി
ബന്ധു നിയമനം മാത്രമല്ല, പിണറായി സർക്കാറിൽ ആരോപണങ്ങൾ വിട്ടൊഴിയാത്ത മന്ത്രിയായിരുന്നു കെ.ടി ജലീൽ
ബന്ധു നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി ജലീൽ രാജിവച്ചത് ഗത്യന്തരമില്ലാതെ. എല്ലാ വിവാദങ്ങളിലും സംരക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയനും കൈവിട്ടതോടെയാണ് ജലീൽ രാജിവച്ചൊഴിയുന്നത്. ബന്ധുനിയമനത്തിലെ ലോകായുക്ത വിധിക്കെതിരെ ജലീൽ നൽകിയ വിധി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് മന്ത്രിയുടെ രാജി.
വിവാദങ്ങൾ ഇങ്ങനെ
ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജർ സ്ഥാനത്തേക്ക് തന്റെ ബന്ധുവായ കെ.ടി അദീബിനെ നിയമിച്ചതിനെ ചൊല്ലിയാണ് വിവാദം ഉടലെടുത്തത്. സൗത്ത് ഇന്ത്യൻ ബാങ്കിൽ സീനിയർ മാനേജർ പദവിയിലിരിക്കുമ്പോഴാണ് ഡെപ്യൂട്ടേഷനിൽ അദീബ് ന്യൂനപക്ഷ കോർപ്പറേഷനിലേക്ക് എത്തുന്നത്. അദീബിനെ ചട്ടങ്ങൾ മറികടന്ന് നിയമിച്ചെന്ന ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസാണ് ആദ്യം രംഗത്തെത്തിയത്. പ്രതിപക്ഷം ഒന്നടങ്കം ആരോപണം ഏറ്റുപിടിച്ചതിന് പിന്നാലെ അദീബ് രാജിവച്ചു.
എന്നാൽ ബന്ധുവിനെ നിയമിക്കാനായി ഒരു വഴിവിട്ട നീക്കവും നടത്തിയിട്ടില്ല എന്നായിരുന്നു മന്ത്രിയുടെ വാദം. മന്ത്രിക്കെതിരെ ഹൈക്കോടതിയിൽ കേസ് നൽകിയ പികെ ഫിറോസിന് കോടതിയിൽ നിന്ന് വിമർശനം കേൾക്കേണ്ടി വന്നതും ഫിറോസിന് തുണയായി. എന്നാൽ ഇരുട്ടടി പോലെയാണ് വിഷയത്തിൽ ലോകായുക്തയുടെ വിധി വന്നത്.
ഒന്നിനു പിറകെ ഒന്നൊന്നായി
ബന്ധു നിയമനം മാത്രമല്ല, പിണറായി സർക്കാറിൽ ആരോപണങ്ങൾ വിട്ടൊഴിയാത്ത മന്ത്രിയായിരുന്നു കെ.ടി ജലീൽ. മാർക്ക് ദാനം, ഭൂമി വിവാദം, സ്വർണക്കടത്ത്, ചട്ടവിരുദ്ധ അദാലത്ത്... എന്നിങ്ങനെ ജലീൽ ഉൾപ്പെട്ട കേസുകൾ നിരവധി. സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിനും ജലീൽ വിധേയനായി. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രി അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റിന് മുമ്പിൽ ഹാജരായത്.
ഈ വേളയിൽ ജലീലിന്റെ രാജിക്കായി മുറവിളി ഉയർന്നെങ്കിലും അതു സംഭവിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിയെ സംരക്ഷിച്ചു നിർത്തി. ബന്ധു നിയമന വിവാദത്തിൽ ഇ.പി ജയരാജന് ലഭിക്കാത്ത സംരക്ഷണമാണ് ജലീലിന് സർക്കാറിൽ കിട്ടുന്നത് എന്ന മുറുമുറുപ്പ് പാർട്ടിയിലും ഉയർന്നു. ഈ അതൃപ്തി സിപിഎമ്മിനുള്ളിൽ പടരുന്നതിനിടെയാണ് ജലീലിന്റെ രാജിയുണ്ടാകുന്നത്.