സി.കെ ജാനുവുമായുള്ള പണമിടപാട്: സി.കെ ശശീന്ദ്രനെതിരെ പാർട്ടി അന്വേഷണം
കേന്ദ്രകമ്മിറ്റി അംഗങ്ങളായ എളമരം കരിം, പി.കെ ശ്രീമതി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം
സി.കെ ജാനുവുമായുള്ള പണമിടപാടിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.കെ ശശീന്ദ്രനെതിരെ പാര്‍ട്ടി അന്വേഷണം. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എളമരം കരിം, പി.കെ ശ്രീമതി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. മൂന്ന് ലക്ഷം രൂപ കടം വാങ്ങിയിരുന്നതായി ജാനുവും, പണം കൊടുത്തിരുന്നുവെന്ന് ശശീന്ദ്രനും സമ്മതിച്ചിരുന്നു.
സ്ഥാനാര്‍ഥിയാകാന്‍ സി.കെ. ജാനുവിന് കെ. സുരേന്ദ്രന്‍ നല്‍കിയ പണം, ജാനു സി.കെ. ശശീന്ദ്രന്റെ ഭാര്യക്ക് കൈമാറിയെന്ന് എം.എസ്.എഫ്. സംസ്ഥാന അധ്യക്ഷന്‍ പി.കെ. നവാസ് പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതാണ് വിവാദത്തിന് കാരണം.
എന്നാല്‍ സി.കെ.ജാനു തന്നത് വായ്പ വാങ്ങിയ പണമാണെന്നായിരുന്നു ശശീന്ദ്രന്റെ പ്രതികരണം.മൂന്നുലക്ഷം രൂപ 2019-ല്‍ സി.കെ. ജാനു വാങ്ങിയിരുന്നു. പണം വാങ്ങിയത് അക്കൗണ്ടിലൂടെയാണ്. വാഹനം വാങ്ങാനാണ് ജാനു പണം വാങ്ങിയതെന്നും ആ തുകയാണ് തിരികെ തന്നതെന്നായിരുന്നു ശശീന്ദ്രന്‍റെ പ്രതികരണം. സി.കെ ശശീന്ദ്രന് നൽകിയത് കടം വാങ്ങിയ പണമാണെന്നും, ഇത് കോഴയായി കിട്ടിയതല്ല, കൃഷി ചെയ്ത് കിട്ടിയതാണെന്നും സി കെ ജാനുവും വ്യക്തമാക്കിയിരുന്നു.