മകളെ പുഴയിലേക്ക് തള്ളിയിട്ടത് താന്‍: വൈഗയുടെ ദുരൂഹമരണത്തില്‍ കുറ്റസമ്മതം നടത്തി സനുമോഹന്‍
മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നും എന്നാൽ തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്നും സനു മോഹൻ അന്വേഷണ സംഘത്തിന് മൊഴി നൽകി
എറണാകുളത്തെ വൈഗയുടെ ദുരൂഹ മരണ കേസിൽ കുറ്റസമ്മതം നടത്തി പിതാവ് സനു മോഹൻ. മകളെ പുഴയിലേക്ക് തള്ളിയിട്ടത് താനെന്ന് സനുമോഹൻ പൊലീസിനോട് സമ്മതിച്ചു. മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നും എന്നാൽ തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്നും സനു മോഹൻ അന്വേഷണ സംഘത്തിന് മൊഴി നൽകി . മൊഴികളിൽ പൊരുത്തകേടുകളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ.
വൈഗയെ പുഴയിലെറിഞ്ഞത് താനാണ് എന്ന സനുമോഹന്‍റെ ഒരൊറ്റ വരി കുറ്റസമ്മത മൊഴി മാത്രമാണ് പൊലീസ് വിശ്വസിച്ചിട്ടുള്ളത്. മകളെ പുഴയിലെറിഞ്ഞ് കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു തന്‍റെ ശ്രമമെന്ന സനുമോഹന്‍റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. വൈഗയെ പുഴയിലെറിഞ്ഞ് കൊന്ന ദിവസം തന്നെ ഒരു കുറ്റബോധവുമില്ലാതെ സനുമോഹന്‍ കടന്നുകളഞ്ഞതുകൊണ്ടാണിത്. മാത്രവുമല്ല, ഒരു മാസത്തോളം സമയം പലയിടങ്ങളിലായി അയാള്‍ ഒളിവില്‍ കഴിയുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധിയാണ് ഇതിനെല്ലാം കാരണമെങ്കില്‍ വൈഗയെ കൊന്നത് എന്തിന് എന്ന ചോദ്യമാണ് പൊലീസിനെ കുഴയ്ക്കുന്നത്. മാത്രമല്ല വൈഗയുടെ ഉള്ളില്‍ ആല്‍ക്കഹോളിന്‍റെ അംശമുണ്ടായിരുന്നു. ഇതെങ്ങനെ.. മാത്രമല്ല, ഫ്ലാറ്റില്‍ നിന്ന് തുണിയില്‍ പൊതിഞ്ഞാണ് വൈഗയെ സനുമോഹന്‍ പുറത്തേക്ക് കൊണ്ടുവന്നത് എന്നതിന് ദൃക്‍സാക്ഷികളുണ്ട്. 13 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ എന്തിനാണ് ഒരു കൊച്ചുകുഞ്ഞിനെ പൊതിഞ്ഞുകൊണ്ട് പോകും പോലെ പോയത്- ഇങ്ങനെ പല പല ചോദ്യങ്ങള്‍ പൊലീസിന് മുന്നിലുണ്ട്. അതുകൊണ്ടുതന്നെ സനുമോഹനെ പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല പൊലീസ്. സനുമോഹന്‍റെ കുറ്റസമ്മതമൊഴി മാത്രമാണ് പൊലീസ് വിശ്വാസത്തിലെടുത്തിട്ടുള്ളത്.
അച്ഛനെയും മകളെയും കാണാനില്ല എന്നൊരു മിസ്സിംഗ് കേസായിട്ടാണ് പൊലീസ് കേസ് ആദ്യം രജിസ്റ്റര്‍ ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ സനുമോഹന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കൂടുതല്‍ മൊഴിയെടുക്കലിന് ശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂ.
സനുമോഹനെ പിടികൂടിയത് കേരള പോലീസ് തന്നെയെന്നും അന്വേഷണ സംഘം പറഞ്ഞു. മൂകാംബികയിൽ നിന്ന് ഗോവ ലക്ഷ്യമാക്കിയാണ് സനുമോഹൻ സഞ്ചരിച്ചത്. കാർവാറിലെ ബീച്ച് പരിസരത്ത് നിന്ന് സനു മോഹനെ മൂന്നംഗ സംഘമാണ് പിടികൂടിയത്.
വൈഗയെന്ന പെണ്‍കുട്ടിയുടെ മൃതദേഹം എറണാകുളത്ത് നിന്ന് പുഴയില്‍ നിന്ന് കണ്ടെത്തിയ ശേഷം പിതാവ് സനുമോഹന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു കൊച്ചി പൊലീസ്. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനാണ് ഇന്നലെയോടെ അവസാനമായത്.