''ഡൽഹിയിൽ പോയി കാര്യം നേടുന്നത് നിർത്താതെ ഈ പാർട്ടി രക്ഷപ്പെടില്ല''; വിമർശനവുമായി റിജിൽ മാക്കുറ്റി

''കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിൽ എന്റെ പേരും സജീവമായിരുന്നു. അവസാന നിമിഷം എന്നെ സ്‌നേഹിക്കുന്ന പല സുഹൃത്തുക്കളും എന്നോട് ഡൽഹിയിൽ പോകാൻ പറഞ്ഞിരുന്നു. അവസാന നിമിഷം എന്റെ ഒരു സഹപ്രവർത്തകനെ തോൽക്കുന്ന സീറ്റിൽ വെട്ടിയപ്പോൾ എന്നോട് പറഞ്ഞു ഞാൻ പോകുന്നു ഡൽഹിക്ക്, നിങ്ങൾ വരുന്നോ? ഞാൻ പറഞ്ഞു, ഇല്ല നിങ്ങൾ പോയിവാ..''

Update: 2022-03-18 15:26 GMT
Editor : Shaheer | By : Web Desk
Advertising

രാജ്യസഭാ സീറ്റിനെച്ചൊല്ലിയുടെ തർക്കങ്ങൾക്കിടെ പാർട്ടി നേതൃത്വത്തിന് രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി. ഷോ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞെന്നും നേതാക്കന്മാരെ ഡൽഹിയിൽ പോയി കണ്ട് കാര്യം നേടുന്നത് അവസാനിപ്പിക്കാതെ ഈ പാർട്ടി രക്ഷപ്പെടില്ലെന്നും റിജിൽ ഫേസ്ബുക്കിൽ കുറിച്ചു.

സോഷ്യൽ മീഡിയ രാഷ്ട്രീയത്തിൽനിന്ന് താഴെ മണ്ണിലിറങ്ങി അടി വാങ്ങുന്നവരോടൊപ്പം ചേർന്ന് അടിവാങ്ങി കുടിയൊഴിപ്പിക്കുന്നവരുടെയും ആട്ടിയോടിപ്പിക്കപ്പെടുന്നവരുടെയും കൂടെനിൽക്കുമ്പോൾ ജനം നമ്മോടൊപ്പമുണ്ടാകും. അവരെയൊന്നും രാജ്യസഭ പോയിട്ട് ഒരു പഞ്ചായത്തിൽ പോലും പരിഗണിക്കില്ല. അത്തരക്കാരെ കാണാൻ ഒരു എ.ഐ.സി.സിയും ഉണ്ടാകില്ല. അതാണ് ഈ പ്രസ്ഥാനം ഈ നിലയിൽ ഇപ്പോൾ എത്തിയത്-റിജിൽ വിമർശിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിൽ എന്റെ പേരും സജീവമായിരുന്നു. അവസാന നിമിഷം എന്നെ സ്‌നേഹിക്കുന്ന പല സുഹൃത്തുക്കളും എന്നോട് ഡൽഹിയിൽ പോകാൻ പറഞ്ഞിരുന്നു. അവസാന നിമിഷം എന്റെ ഒരു സഹപ്രവർത്തകനെ തോൽക്കുന്ന സീറ്റിൽ വെട്ടിയപ്പോൾ തന്നോട് ഡൽഹിയിൽ പോകുന്നുവെന്ന് പറഞ്ഞു. തന്നെയും ക്ഷണിച്ചെങ്കിലും പോയില്ല-അദ്ദേഹം വെളിപ്പെടുത്തി.

വളഞ്ഞ വഴിയിൽ കാര്യം നേടിയവർ അത് ജീവിതകാലം വരെ ഉറപ്പിക്കാൻ കാണിക്കുന്ന ആർത്തിയും പാർട്ടിക്ക് ക്ഷീണം സംഭവിക്കുമ്പോൾ അക്കരപ്പച്ചതേടി പോകുന്ന സിന്ധ്യമാരുമൊക്കെയാണ് ഈ പാർട്ടിയുടെ ശാപം. പല സംസ്ഥാനത്തുനിന്നും ബി.ജെ.പിയിലേക്ക് പോയവരിൽ കൂടുതലും അവിടങ്ങളിൽ മുഖ്യമന്ത്രിമാരും കേന്ദ്രത്തിൽ മന്ത്രിമാരുമായവരുടെ മക്കളാണ്. അവർ രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ തന്നെ വലിയ സ്ഥാനങ്ങൾ കൊടുത്ത്

സ്വീകരിക്കും. അവരാണ് ഈ പാർട്ടിയെ ചതിച്ച് പോയവരിൽ ഭൂരിഭാഗവും. ത്യാഗം സഹിച്ച് കഷ്ടപ്പെട്ട് പണിയെടുക്കുന്നവർ ഇന്നും ഇവിടെത്തന്നെ നിൽക്കുന്നതുകൊണ്ടാണ് ഈ പാർട്ടി ഇപ്പോഴും പിടിച്ചുനിൽക്കുന്നത്-റിജിൽ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സോഷ്യൽ മീഡിയ രാഷ്ട്രീയത്തിൽനിന്ന് താഴെ മണ്ണിലിറങ്ങി അടി വാങ്ങുന്നവരോടൊപ്പം ചേർന്ന് അടിവാങ്ങി കുടിയൊഴിപ്പിക്കുന്നവരുടെ, ആട്ടിയോടിപ്പിക്കുന്നവരുടെ കൂടെനിൽക്കുമ്പോൾ ജനം നമ്മോടൊപ്പം ഉണ്ടാകും. അവരെയൊന്നും രാജ്യസഭ പോയിട്ട് ഒരു പഞ്ചായത്തിൽ പോലും പരിഗണിക്കില്ല. അത്തരക്കാരെ കാണാൻ ഒരു എ.ഐ.സി.സിയും ഉണ്ടാകില്ല. അതാണ് ഈ പ്രസ്ഥാനം ഈ നിലയിൽ ഇപ്പോൾ എത്തിയത്.

ഷോ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു. നേതാക്കന്മാരെ ഡൽഹിയിൽ പോയി കണ്ട് കാര്യം നേടുന്നത് അവസാനിപ്പിക്കാതെ ഈ പാർട്ടി രക്ഷപ്പെടില്ല. അനർഹരെ പരിഗണിക്കുമ്പോഴാണ് അർഹരും അങ്ങനെ പോകാൻ നിർബന്ധിതരാകുന്നത്.

Full View

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിൽ എന്റെ പേരും സജീവമായിരുന്നു. അവസാന നിമിഷം എന്നെ സ്‌നേഹിക്കുന്ന പല സുഹൃത്തുക്കളും എന്നോട് ഡൽഹിയിൽ പോകാൻ പറഞ്ഞിരുന്നു. അവസാന നിമിഷം എന്റെ ഒരു സഹപ്രവർത്തകനെ തോക്കുന്ന സീറ്റിൽ വെട്ടിയപ്പോൾ എന്നോട് പറഞ്ഞു ഞാൻ പോകുന്നു ഡൽഹിക്ക്, നിങ്ങൾ വരുന്നോ? ഞാൻ പറഞ്ഞു, ഇല്ല നിങ്ങൾ പോയിവാ... അതുകൊണ്ട് അദ്ദേഹത്തിന് സീറ്റ് കിട്ടി. അന്ന് ഞാൻ അവരോട് പറഞ്ഞത് എനിക്ക് അർഹതയുണ്ടെങ്കിൽ ഇവിടെയുള്ള നേതൃത്വം എന്നെ പരിഗണിക്കും. ഡൽഹിയിൽ ഇരിക്കുന്നവർക്ക് എന്നെ കുറിച്ച് എന്ത് അറിയാനാണ്. അവരുടെ മാനദണ്ഡത്തിനനുസരിച്ച് അർഹതയില്ലാത്തതുകൊണ്ട് എന്നെ പരിഗണിച്ചില്ല. അതുകൊണ്ട് ഈ പാർട്ടിയെ തള്ളിപ്പറയാനോ, അക്കരപ്പച്ചതേടി കെ.പി അനിൽകുമാറാകാനോ, പി.സ് പ്രശാന്ത് ആകാനോ ഞാൻ തയാറായില്ല. അവരൊക്കെ ഈ പ്രസ്ഥാനം കൊണ്ട് എല്ലാം നേടിയവരാണ്.

പഴയതിനെക്കാൾ ഊർജ്ജത്തോടെ ഈ പ്രസ്ഥാനത്തിനുവേണ്ടി തെരുവിൽ കിടന്ന് പോരാടാൻ മുന്നിൽ തന്നെയുണ്ട്. ആക്രമിക്കപ്പെടും എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ശത്രുക്കളുടെ മുന്നിലേക്ക് പോരാടാൻ മുന്നിലേക്ക് പോയത്. കൂടെയുള്ളവനെ ശത്രുക്കളുടെയോ പൊലീസിന്റെയോ മുന്നിൽ തള്ളിവിട്ട് അവർക്ക് പരിക്കുപറ്റി ആശുപത്രിയിൽ പോയി ഫോട്ടോ എടുത്തും അവർക്ക് വേണ്ടി ചാനൽ ചർച്ചകളിൽ പോയി വാദമുഖങ്ങൾ ഉന്നയിക്കുന്ന രാഷ്ട്രീയം പഠിച്ചിട്ടില്ല. ഇനിയും അങ്ങനെ തന്നെ പോരാടും.

വളഞ്ഞ വഴിയിൽ കാര്യം നേടിയവർ അത് ജീവിതകാലം വരെ ഉറപ്പിക്കാൻ കാണിക്കുന്ന ആർത്തിയും പാർട്ടിക്ക് ക്ഷീണം സംഭവിക്കുമ്പോൾ അക്കരപ്പച്ചതേടി പോകുന്ന സിന്ധ്യമാരൊക്കെയാണ് ഈ പാർട്ടിയുടെ ശാപം. പല സംസ്ഥാനത്തുനിന്നും BJPയിലേക്ക് പോയവരിൽ കൂടുതലും ആ സംസ്ഥാനത്തുനിന്ന് മുഖ്യമന്ത്രിമാരും കേന്ദ്രത്തിൽ മന്ത്രിമാരായവരുടെ മക്കളാണ്. അവർ രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ തന്നെ വലിയ സ്ഥാനങ്ങൾ കൊടുത്ത് സ്വീകരിക്കും.

മണ്ണിൽ പണിയെടുക്കുന്നവന്റെ നെഞ്ചത്ത് ചവിട്ടിയാണ് അവരെ ഉയർത്തിക്കൊണ്ടുവരിക. അവരാണ് ഈ പാർട്ടിയെ ചതിച്ച് പോയവരിൽ ഭൂരിഭാഗവും. ത്യാഗം സഹിച്ച് കഷ്ടപ്പെട്ട് പണിയെടുക്കുന്നവർ ഇന്നും ഇവിടെത്തന്നെ നിൽക്കുന്നതുകൊണ്ടാണ് ഈ പാർട്ടി ഇപ്പോഴും പിടിച്ചുനിൽക്കുന്നത്. പാർട്ടി അധികാരത്തിൽ വരുമ്പോൾ മന്ത്രിമാരാകാൻ വലിയ സുപ്രിംകോടതി വക്കീലന്മാർ, ഉന്നതജോലിയിൽനിന്ന് വിരമിച്ച ഒരു പടയുണ്ടാകും. അവർക്ക് ജോലി ചെയ്തതിന്റെ കോടികളുടെ ആസ്തി ഉണ്ടാകും. പത്തുപേരുടെ പിന്തുണയില്ലാത്തവരാണ് ഭൂരിഭാഗവും. പാർട്ടിയുടെ പ്രതിസന്ധിക്കാലത്ത് അവരെയൊന്നും എവിടെയും കാണുകയുമില്ല.

പ്രവർത്തനത്തിലും നിലപാട് എന്തെന്ന് കാണിക്കണം. അത്തരം നിലപാടെടുക്കുമ്പോൾ ചിലപ്പോൾ പാർട്ടിയിൽനിന്നുതന്നെ പുറത്താക്കപ്പെടാം. അപമാനിക്കപ്പെടാം, വ്യക്തിഹത്യയ്ക്ക് ഇരയാകേണ്ടി വരാം, അപമാനിക്കപ്പെടാം, ഒറ്റപ്പെടുത്താം. കൂടെയുള്ളവർ തള്ളിപ്പറയാം, സൈബർ ബുള്ളിയിങ്ങിനു വിധേയമാകേണ്ടി വരാം. പക്ഷേ, നിലപാടിൽ ഉറച്ചുനിന്നാൽ എത്ര വർഷം കഴിഞ്ഞാലും പ്രസ്ഥാനത്തുനിന്ന് മാറ്റിനിർത്താൻ കഴിയില്ല. അനുഭവമാണ് സാക്ഷ്യം.

ലോക്‌സഭ വരുമ്പോൾ അവിടെ, നിയമസഭ വരുമ്പോൾ അവിടെ, രാജ്യസഭ വരുമ്പോൾ അവിടെ. ഞാൻ തന്നെ സ്ഥാനാർത്ഥിയാകണം എന്ന ചിന്തയാണ് എന്നെ നയിക്കുന്നതെങ്കിൽ ഞാനാണ് ഏറ്റവും വലിയ സ്വാർത്ഥനെന്നാണ് എന്റെ പക്ഷം.

Summary: Rijil Makkutty criticizes Congress leaders Leaders who are greedy for positions in the party and for parliament seats

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News