'കാർ വാടകക്ക് നൽകിയത്': പാർട്ടി കോൺഗ്രസിലെ യെച്ചൂരിയുടെ വാഹനവുമായി ബന്ധപ്പെട്ട ബിജെപി ആരോപണം തള്ളി കാർ ഉടമ
രാഷ്ട്രീയക്കേസുകൾ മാത്രമാണ് തനിക്കെതിരെയുള്ളത്. താൻ ലീഗ് കാരനാണെന്നും എസ്.ഡി.പി.ഐയുമായി ബന്ധമില്ലെന്നും സിദ്ദീഖ്
കോഴിക്കോട്: പാർട്ടികോൺഗ്രസിന് യെച്ചൂരി സഞ്ചരിച്ച കാർ വാടകക്ക് നൽകിയതാണെന്ന് ഉടമ സിദ്ദീഖ് പുത്തൻപുരയിൽ. രാഷ്ട്രീയക്കേസുകൾ മാത്രമാണ് തനിക്കെതിരെയുള്ളത്. താൻ ലീഗ് കാരനാണെന്നും എസ്.ഡി.പി.ഐയുമായി ബന്ധമില്ലെന്നും സിദ്ദീഖ് പറഞ്ഞു. യെച്ചൂരി സഞ്ചരിച്ചത് എസ്.ഡി.പി.ഐ ബന്ധമുള്ള ക്രിമിനലിന്റെ കാറിലായിരുന്നുവെന്ന് ബിജെപി ആരോപിച്ചിരുന്നു.
കണ്ണൂർ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് ആണ് ആരോപണവുമായി രംഗത്തെത്തിയിരുന്നത്. യെച്ചൂരി യാത്ര ചെയ്ത കെ.എൽ 18 എ.ബി-5000 ഫോർച്ച്യൂണർ കാർ ഉടമ സിദ്ദീഖ് നിരവധി കേസിൽ പ്രതിയാണെന്നായിരുന്നു ആരോപണം. 2010 ഒക്‌ടോബർ മാസം 21ന് നാദാപുരം പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ബി.ജെ.പി നേതാവ് വാദിച്ചിരുന്നു.
'സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററുടെ നിർദേശപ്രകാരമാണ് വാഹനമെത്തിച്ചത്. സി.പി.എമ്മുമായി പുലബന്ധമില്ലാത്ത ഇയാൾ പകൽ ലീഗും രാത്രികാലങ്ങളിൽ എസ്.ഡി.പി.ഐ പ്രവർത്തകനുമാണ്. അതോടൊപ്പംതന്നെ ഇയാൾ സി.പി.എമ്മുമായും സജീവബന്ധം നിലനിർത്തുന്നു. സിദ്ദീഖിന്റെ വാഹനം അഖിലേന്ത്യാ സെക്രട്ടറി ഉപയോഗിച്ചതിലൂടെ സി.പി.എമ്മും എസ്.ഡി.പി.ഐയും തമ്മിലുള്ള ബന്ധമാണ് വ്യക്തമാകുന്നത്. അഖിലേന്ത്യാ സെക്രട്ടറിക്ക് ഉപയോഗിക്കാനുള്ള വാഹനം പോലും എസ്.ഡി.പി.ഐക്കാൻ നൽകേണ്ട സാഹചര്യം വ്യക്തമാക്കുന്നത് സി.പി.എം നേതൃത്വവും എസ്.ഡി.പി.ഐയും തമ്മിലുള്ള ബന്ധമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.