15 ലക്ഷം അക്കൗണ്ടിൽ കിട്ടിയിട്ട് വേണം ഭാര്യയ്ക്ക് സ്വർണം വാങ്ങാൻ; രാജ്യസഭയിൽ മോദിയെ ട്രോളി പിവി വഹാബ്
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലായിരുന്നു മോദിയുടെ വാഗ്ദാനം
ന്യൂഡൽഹി: എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി മുസ്‌ലിംലീഗ് എംപി പി.വി അബ്ദുൽ വഹാബ്. മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപയ്ക്കായി കാത്തിരിക്കുകയാണ് എന്ന് വഹാബ് പറഞ്ഞു.
'2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ അക്കൗണ്ടിലെത്താനായി കാത്തിരിക്കുകയാണ്. ഭാര്യയും അതിനായി കാത്തിരിക്കുന്നുണ്ട്. കുറച്ച് ആഭരണങ്ങൾ വാങ്ങണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ട്' - വഹാബ് പറഞ്ഞു.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലാണ് അധികാരത്തിലെത്തിയാൽ രാജ്യത്തെ എല്ലാ ജനങ്ങളുടേയും അക്കൗണ്ടുകളിൽ 15 ലക്ഷം നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നത്. പിന്നീട് ഇതേക്കുറിച്ച് മോദി മൗനം പാലിച്ചിരുന്നു.
യുപി പൊലീസ് ജയിലിലടച്ച മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കാൻ ഇടപെടണമെന്നും വഹാബ് ആവശ്യപ്പെട്ടു. ഹാത്രസിൽ ക്രൂരമായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കാണാനും വാർത്ത റിപ്പോർട്ട് ചെയ്യാനുമാണ് അദ്ദേഹം പോയത്. സിദ്ദീഖിനെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുകയാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.