അടി, തിരിച്ചടി, ഒടുക്കം സമനില... സന്തോഷ് ട്രോഫി ആവേശപ്പോരില്‍ കേരളം-മേഘാലയ മത്സരം സമനിലയില്‍
രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍റ്റി കേരളം പാഴാക്കി... കിക്കെടുത്ത ക്യാപ്റ്റന്‍ ജിജോയ്ക്കാണ് പിഴച്ചത്
തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ മേഘാലയക്കെതിരെ ഇറങ്ങിയ കേരളത്തിന് സമനില. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കണ്ട മത്സരം അത്യന്തം ആവേശജനകമായിരുന്നു. ഒപ്പത്തിനൊപ്പം നിന്ന ഇരു ടീമുകളും രണ്ട് ഗോള്‍ വീതമടിച്ചാണ് സമനിലയുമായി തിരിച്ചു കയറിയത്.
ആദ്യം ലീഡെടുത്തത് കേരളമാണെങ്കിലും 40 ആം മിനുട്ടില്‍ മേഘാലയ ഗോള്‍ മടക്കി. പതിനെട്ടാം മിനുട്ടിലെ ഗോളിലൂടെയാണ് കേരളം ലീഡെടുത്തത്. വയനാട്ടുകാരനായ മുഹമ്മദ് സഫ്നാദാണ് ആദ്യ പകുതിയുടെ പതിനെട്ടാം മിനുട്ടില്‍ കേരളത്തിനായി ഗോള്‍ കണ്ടെത്തിയത്. കഴിഞ്ഞ മത്സരത്തില്‍ ബെഞ്ചിലിരുന്ന താരമാണ് സഫ്നാസ്. നിജോ ഗിൽബർട്ടിന്‍റെ മനോഹരമായ ക്രോസില്‍ നിന്നായിരുന്നു സഫ്നാദിന്‍റെ ഗോള്‍. കേരളത്തിന്‍റെ മുന്നേറ്റത്തിനൊടുവില്‍ പന്ത് ലഭിച്ച നിജോ ഗില്‍ബര്‍ട്ട് നല്‍കിയ അളന്നുമുറിച്ച ക്രോസ് മുഹമ്മദ് സഫ്നാദ് വലയിലെത്തിക്കുകയായിരുന്നു.
40-ാം മിനിറ്റില്‍ സ്റ്റേഡിയത്തെ നിശബ്ദമാക്കി മേഘാലയയുടെ മറുപടി ഗോളെത്തി. കിന്‍സൈബോര്‍ ലുയ്ദ് ആണ് മേഘാലയക്ക് സമനില ഗോള്‍ നേടിക്കൊടുത്തത്. വലതുവിങ്ങില്‍ നിന്ന് അറ്റ്ലാന്‍സന്‍ ഖര്‍മ നല്‍കിയ ക്രോസ് കിന്‍സൈബോര്‍ ലുയ്ദ് ടാപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.
അതേസമയം രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍റ്റി കേരളം പാഴാക്കി. കളിയുടെ 49-ാം മിനുട്ടില്‍ ജെസിനെ മേഘാലയ താരം ബോക്സില്‍ വീഴ്ത്തിയതിനാണ് കേരളത്തിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. പക്ഷേ കിക്കെടുത്ത ക്യാപ്റ്റന്‍ ജിജോയ്ക്ക് പിഴച്ചു. പന്ത് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക്.ഗ്യാലറിയാകെ നിശബ്ദമായിപ്പോയ നിമിഷം...
പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന്‍റെ ആഘാതം മാറുന്നതിന് മുമ്പ് 55-ാം മിനിറ്റില്‍ കേരളത്തെ ഞെട്ടിച്ച് മേഘാലയ ലീഡെടുത്തു. ഫിഗോ സിന്‍ഡായ് ആണ് മേഘാലയയെ മുന്നിലെത്തിച്ചത്. കോര്‍ണർ കിക്കില്‍ നിന്നുള്ള ഹെഡറിലൂടെയായിരുന്നു ഫിഗോയുടെ ഗോള്‍. എന്നാല്‍ ലീഡെടുത്ത മേഘാലയയുടെ ആഘോഷമടങ്ങും മുമ്പ് കേരളം സമനില പിടിച്ചു. 58-ാം മിനിറ്റില്‍ അര്‍ജുന്‍ ജയരാജ് എടുത്ത ഫ്രീ കിക്കില്‍ നിന്നായിരുന്നു കേരളത്തിന്‍റെ സമനില ഗോള്‍. മുഹമ്മദ് സഹീഫ് ആണ് പന്ത് വലയിലേക്ക് തട്ടിയിട്ടത്. പിന്നീട് ആക്രമണങ്ങള്‍ ഇരു ഗോള്‍മുഖത്തും നടന്നെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു
പശ്ചിമ ബംഗാളിനെതിരെ വിജയം നേടിയ മത്സരത്തില്‍ നിന്നും ഒരു മാറ്റവുമായാണ് കേരളം മേഘാലയക്കെതിരേ ആദ്യ ഇലവനെ ഇറക്കിയത്. അണ്ടര്‍ 21 താരം ഷിഗിലിന് പകരം മുഹമ്മദ് സഫ്നാദ് ആദ്യ ഇലവനില്‍ ഇടംനേടി. മറുവശത്ത് മേഘാലയ, രാജസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് കളത്തിലിറങ്ങിയത്.