'രാഷ്ട്രീയം കളിയിൽ ഇടപെടുമെന്ന് കെ.എൽ രാഹുൽ പറഞ്ഞു'; വന്‍ വെളിപ്പെടുത്തലുമായി ജസ്റ്റിൻ ലാങ്ങർ

'ദേശീയ ടീമില്‍ ഐ.പി.എല്ലിനേക്കാള്‍ ആയിരം മടങ്ങ് രാഷ്ട്രീയക്കളികള്‍ നടക്കുന്നുണ്ട്'

Update: 2024-05-26 05:18 GMT
Advertising

ഇന്ത്യയുടെ കോച്ചാവാനില്ലെന്ന് മുൻ ഓസീസ് താരവും ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് പരിശീലകനുമായ ജസ്റ്റിൻ ലാങ്ങർ. ഇന്ത്യൻ ടീമിന്റെ പരിശീലകനാവുക എന്നത് ഏറെ സമ്മർദം നിറഞ്ഞ ജോലിയാണെന്നും ഇന്ത്യയിൽ കായികരംഗത്ത് രാഷ്ട്രീയം ഇടപെടുന്നത് സർവസാധാരണമാണെന്നും ലാങ്ങർ പറഞ്ഞു.

''ദേശീയ ടീമിന്റെ പരിശീലകനാവുക എന്നത് ഏറെ സമ്മർദം നിറഞ്ഞ പണിയാണ്. ഓസീസ് ടീമിൽ നാല് വർഷം ഞാനാ ചുമതലയിലിരുന്നിട്ടുണ്ട്. ഒപ്പം കെ.എൽ രാഹുലുമായുള്ള സംഭാഷണത്തിൽ നിന്ന് എനിക്ക് മനസ്സിലായത് ഇന്ത്യൻ ക്രിക്കറ്റിൽ രാഷ്ട്രീയം നന്നായി ഇടപെടുന്നുണ്ട് എന്നാണ്. ഒരു.ഐ.പി.എൽ ടീമിൽ നമ്മൾ കാണുന്ന രാഷ്ട്രീയ കളികളുടെ ആയിരം മടങ്ങ് രാഷ്ട്രീയ കളികൾ ഇന്ത്യൻ പരിശീലകനാവുമ്പോൾ കാണേണ്ടി വരുമെന്ന് രാഹുല്‍ പറഞ്ഞു. അതൊരു നല്ല ഉപദേശമായി എനിക്ക് തോന്നി''- ലാങ്ങര്‍ പറഞ്ഞു. 

നേരത്തേ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങിനും മുന്‍ കിവീസ് നായകന്‍ സ്റ്റീഫന്‍ ഫ്ലെമിങ്ങിനുമൊപ്പം ലാങ്ങറുടെ പേരും ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നു. മൂവരുമായും ബി.സി.സി.ഐ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ വാർത്തകൾ  ബി.സി.സി.ഐ തള്ളി. മൂന്ന് താരങ്ങളും കോച്ചിങ് റോളിലേക്കില്ലെന്ന് അറിയിച്ച്  രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ രംഗത്തെത്തിയത്.

'ആഭ്യന്തര ക്രിക്കറ്റിനെ കുറിച്ച് അറിവുള്ളവരെ മാത്രമേ പരിശീലക സ്ഥാനത്തേക്ക് നിയമിക്കൂ. ഇതുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ തെറ്റാണ്. നിരവധി കടമ്പകിളൂടെ കടന്നുപോയതിന് ശേഷമാകും ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുക. ഇന്ത്യൻ ക്രിക്കറ്റിനെ കുറിച്ച് അറിവുള്ളവരെയായിരിക്കണം'- ജയ്ഷാ പറഞ്ഞു.

വരുന്ന ടി 20 ലോകകപ്പോടെ നിലവിലെ പരിശീലകൻ രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിയും. ഇതിനോടനുബന്ധിച്ച് പുതിയ പരിശീലകനെ തേടി ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചിരുന്നു.  മുൻ സിംബാബ്‌വെ താരം ആൻഡി ഫ്‌ളവറുടെ പേരും ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക്  ഉയർന്നുകേട്ടിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ഫ്ലവര്‍ തയാറായില്ല. മെയ് 27വരെയാണ് അപേക്ഷ നൽകാൻ ബി.സി.സി.ഐ നൽകിയ സമയം.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News