ആദ്യ പകുതിയില്‍ 14 മിനുട്ട് ഇന്‍ജുറി ടൈം!!; സംഭവം ഇംഗ്ലണ്ട്-ഇറാന്‍ മത്സരത്തില്‍

2021 അറബ് കപ്പില്‍ അള്‍ജീരിയയും ഖത്തറും തമ്മിലുള്ള മത്സരത്തില്‍ 28 മിനുട്ട് അധികസമയം അനുവദിച്ച ചരിത്രമുണ്ട്

Update: 2022-11-21 14:42 GMT
Advertising

ദോഹ: ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ഇറാനും ഇംഗ്ലണ്ടും തമ്മിലുള്ള കളിയില്‍ നാടകീയ രംഗങ്ങള്‍. കളി തുടങ്ങി പത്ത് മിനുട്ട് തികയുന്നതിന് മുന്‍പേ ഇറാന്‍ ഗോള്‍കീപ്പര്‍ അലിരേസ ബെയ്‌റൻവന്തിന് പരിക്കേറ്റു. സഹതാരവുമായി കൂട്ടിയിടിച്ചാണ് ഇറാന്‍ ഗോളിക്ക് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് പത്ത് മിനുറ്റോളം നീണ്ട പരിചരണത്തിന് ശേഷം വീണ്ടും താരം കളത്തിലേക്ക് എത്തിയെങ്കിലും കളിക്കളത്തില്‍ തുടരാനാകാതെ പിന്മാറുകയായിരുന്നു. ഗോള്‍കീപ്പര്‍ക്ക് പരിക്കേല്‍ക്കുകയും തുടര്‍ന്ന് പരിചരണവും മറ്റും നടത്തി സമയം പോയതുകാരണം പതിനാല് മിനുറ്റാണ് ആദ്യ പകുതിയില്‍ ഇഞ്ച്വറി ടൈം അനുവദിച്ചത്. സ്റ്റോപ്പേജ് ടൈം ആയി കണക്കാക്കിയാണ് ഇത്രയും നേരം അധികസമയമായി കണക്കാക്കുക.

രാജ്യാന്തര മത്സരങ്ങളില്‍ 2021 അറബ് കപ്പില്‍ അള്‍ജീരിയയും ഖത്തറും തമ്മിലുള്ള മത്സരത്തിലാണ് ഇതിനുമുമ്പ് സ്റ്റോപ്പേജ് ടൈം ആയി ഇത്രയും കൂടുതല്‍ അധികസമയം അനുവദിച്ചത്. അന്ന് 18 മിനുട്ടാണ് റഫറി സിമോൺ മാർസിനിയാക് ഇഞ്ച്വറി ടൈം ആയി അനുവദിച്ചത്. ഇംഗ്ലണ്ട് ക്ലബുകളായ ബേര്‍ട്ടണും ബേണ്‍മൌത്തും തമ്മിലുള്ള മത്സരത്തില്‍ 28 മിനുട്ട് അധികസമയം അനുവദിച്ച ചരിത്രവുമുണ്ട്.

 അതേസമയം ഇംഗ്ലണ്ട് ഇറാന്‍ മത്സരത്തില്‍ ആദ്യ പകുതി പിന്നിടുമ്പോൾ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മുന്നിലാണ്. ജൂഡ് ബില്ലിങ്ഹാം, ബുകായോ സാക, റഹീം സ്റ്റെർലിങ് എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോൾ നേടിയത്. ആദ്യ അരമണിക്കൂർ ഇംഗ്ലണ്ടിനെ ഗോളടിപ്പിക്കാതെ നോക്കി എന്ന് മാത്രം ഇറാന് ആശ്വസിക്കാം.അതിനിടെ ഇംഗ്ലണ്ട് സുവർണാവസരം സൃഷ്ടിച്ചെങ്കിലും ക്രോസ് ബാറിൽ തട്ടി മടങ്ങി.പിന്നീടാണ് ഇറാന്‍റെ പ്രതിരോധം കീറിമുറിച്ച് ഇംഗ്ലണ്ടിന്റെ ഗോളുകള്‍ പിറന്നത്. എടുത്തുപറയാവുന്ന കൗണ്ടർ അറ്റാക്കുകളൊന്നും ഇറാന്റെ മുന്നേറ്റ നിരക്ക് കാഴ്ചവെക്കാനായില്ല. ലഭിച്ചതാവട്ടെ പാളിപ്പോകുകയും ചെയ്തു. പന്ത് പലകുറി ഇറാൻ ഗോൾമുഖത്തായിരുന്നു.


ഇംഗ്ലണ്ട് ടീം ഇങ്ങനെ: ജോർദാൻ പിക്ക്ഫോർഡ്, ജോൺ സ്റ്റോൺസ്, ഹാരി മഗ്വെയർ, കീറൻ ട്രിപ്പിയർ, ഡെക്ലാൻ റൈസ്, ജൂഡ് ബെല്ലിങ്ഹാം, മേസൺ മൗണ്ട്, ലൂക്ക് ഷാ, ബുക്കയോ സാക്ക, ഹാരി കെയ്ൻ, റഹീം സ്റ്റെർലിംഗ്

ഇറാന്‍ ടീം ഇങ്ങനെ: അലിരേസ ബെയ്‌റൻവന്ദ്, സദേഗ് മൊഹറമി, എഹ്‌സാൻ ഹജ്‌സഫി, മിലാദ് മുഹമ്മദി, അലിരേസ ജഹാൻബക്ഷ്, മൊർട്ടെസ പൗരലിഗഞ്ചി, മെഹ്ദി തരേമി, റൂസ്‌ബെ ചെഷ്മി, അലി കരീമി, മാജിദ് ഹൊസൈനി, അഹ്മദ് നൂറുല്ലാഹി.

ഇറാനെ തോൽപിച്ച് ഖത്തറിൽ വരവറിയിക്കാനാണ് ഇംഗ്ലണ്ട് ഒരുങ്ങുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻ പേരുകാരുമായി ഇംഗ്ലണ്ട് ബൂട്ടുകെട്ടുമ്പോൾ ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ഇറാന് കാര്യങ്ങൾ എളുപ്പമാകില്ല. ഇന്ത്യന്‍ സമയം വൈകീട്ട് 6.30ന് മത്സരം ആരംഭിക്കും. 2018 റഷ്യൻ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളാണ് ഇംഗ്ലണ്ട്. 2020 യൂറോ കപ്പിലെ ഫൈനലും കളിച്ചു. യോഗ്യതാ മത്സരങ്ങളില്‍ മികച്ച ഗോൾ ശരാശരിയിലാണ് ഇംഗ്ലണ്ടിന്റെ ഖത്തർപ്രവേശം. 39 ഗോളുകളാണ് ഇംഗ്ലണ്ട് എതിർവലയിൽ എത്തിച്ചത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News