അഫ്രീദി പാകിസ്താന്‍ നായകസ്ഥാനം ഒഴിഞ്ഞു
ട്വന്റി 20 ലോകകപ്പിലെ നിറംമങ്ങിയ പ്രകടനത്തിനു പിന്നാലെ ശാഹിദ് അഫ്രീദ് പാകിസ്താന്‍ ട്വന്റി 20 ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞു.
ട്വന്റി 20 ലോകകപ്പിലെ നിറംമങ്ങിയ പ്രകടനത്തിനു പിന്നാലെ ശാഹിദ് അഫ്രീദ് പാകിസ്താന്‍ ട്വന്റി 20 ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞു. തന്റെ സ്വന്തം ആഗ്രഹപ്രകാരമാണ് നായകസ്ഥാനം ഒഴിയുന്നതെന്ന് അഫ്രീദി വ്യക്തമാക്കി. ട്വറ്റര്‍ അക്കൌണ്ടില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലൂടെയാണ് അഫ്രീദി തന്റെ തീരുമാനം ആരാധകരെ അറിയിച്ചത്. ഇതേസമയം, പാക് ടീമില്‍ തുടരാനുള്ള ആഗ്രഹവും അഫ്രീദി പങ്കുവെച്ചു.
ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റുകളിലും പാക് ടീമിനെ നയിക്കാനുള്ള അവസരം ലഭിച്ചത് തന്നെ സംബന്ധിച്ച് വലിയൊരു അംഗീകാരമാണ്. ഒരു കളിക്കാരനെന്ന നിലയില്‍ ഇനിയും പാക് ടീമിനു വേണ്ടി ജേഴ്‍സി അണിയുമ്പോള്‍ ആരാധകരുടെ പിന്തുണ തുടര്‍ന്നും വേണമെന്ന് അഫ്രീദി പറഞ്ഞു. നേരത്തെ, ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനത്തിന് പാക് ജനതയോട് ക്ഷമ അഭ്യര്‍ഥിച്ച് നായകന്‍ അഫ്രീദി രംഗത്തുവന്നിരുന്നു. ഓണ്‍ലൈനായി പോസ്റ്റ് ചെയ്ത വീഡിയോവിലൂടെയാണ് അഫ്രീദി ക്ഷമാപണം നടത്തിയത്.
'പ്രതീക്ഷകള്‍ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. അതിന് ദേശത്തോട് ക്ഷമ യാചിക്കുകയാണ്. പാകിസ്താന്‍റെ പച്ച ജേഴ്സി അണിഞ്ഞാണ് കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ കളത്തിലിറങ്ങിയിട്ടുള്ളത്. പാകിസ്താനായി കളിക്കുമ്പോഴെല്ലാം പാക് ജനതയുടെ വികാരങ്ങളും പേറിയാണ് കളത്തിലിറങ്ങിയിട്ടുള്ളതെന്ന് ഉറപ്പു നല്‍കാനാകും. നാളെ എന്താകുമെന്ന് അറിയില്ല. ആളുകള്‍ എന്താണ് പറയുന്നതെന്നും അറിയില്ല. എന്നാല്‍ ഒരു കാര്യം ഉറപ്പിച്ചു പറയാം. നിങ്ങളോട് എനിക്കൊരു ബാധ്യതയുണ്ട്. മറ്റുള്ളവയൊന്നും എന്നെ ബാധിക്കുന്ന വിഷയങ്ങളല്ല'. - ഇങ്ങനെയായിരുന്നു അഫ്രീദിയുടെ ക്ഷമാപണം.