ഫൈനലില്‍ ഇന്ത്യയോടു ഏറ്റുമുട്ടണം, പകരംവീട്ടാനൊരുങ്ങി ഷൊയ്ബ് മാലിക്

Update: 2017-02-27 14:28 GMT
Editor : admin
ഫൈനലില്‍ ഇന്ത്യയോടു ഏറ്റുമുട്ടണം, പകരംവീട്ടാനൊരുങ്ങി ഷൊയ്ബ് മാലിക്
Advertising

ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോടേറ്റ കനത്ത തോല്‍വിക്കൊടുവില്‍ പകരംവീട്ടാന്‍ ആയുധത്തിന് മൂര്‍ച്ച കൂട്ടുകയാണ് പാക് താരം ഷൊയ്ബ് മാലിക്.

ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോടേറ്റ കനത്ത തോല്‍വിക്കൊടുവില്‍ പകരംവീട്ടാന്‍ ആയുധത്തിന് മൂര്‍ച്ച കൂട്ടുകയാണ് പാക് താരം ഷൊയ്ബ് മാലിക്. 83 എന്ന ചെറിയ സ്‍കോറിന് പുറത്തായെങ്കിലും മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയോടും അതേ നാണയത്തില്‍ തിരിച്ചടിച്ചായിരുന്നു പാക് ബോളര്‍മാരുടെ മറുപടി. 8 റണ്‍സെടുക്കുന്നതിനിടെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ വീഴ്‍ത്തിയ മുഹമ്മദ് ആമിര്‍ എന്ന തീപ്പൊരി പാക് ബോളര്‍ ഇന്ത്യയെ തകര്‍ക്കുമെന്ന് തോന്നിപ്പിച്ചിടത്തു നിന്നാണ് വിരാട് കൊഹ്‍ലി രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തതും വിജയവഴിയിലേക്ക് എത്തിച്ചതും.

ഇന്ത്യയോടേറ്റ തോല്‍വി കടുത്ത നിരാശയാണ് സമ്മാനിച്ചതെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും ഫൈനലില്‍ ഇന്ത്യ തന്നെ തങ്ങളുടെ എതിരാളികളായി വരണമെന്നാണ് ആഗ്രഹമെന്ന് പാക് താരം ഷൊയ്ബ് മാലിക് പറയുന്നു. ഫൈനലില്‍ ഇന്ത്യക്കെതിരെ കളിക്കണം. ഇന്ത്യക്കെതിരെ ഇതിലും മികവുറ്റ പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ട്. വ്യത്യസ്ത സാഹചര്യങ്ങളോട് ഇണങ്ങിച്ചേരുക എന്നതാണ് പ്രധാനമെന്നും മാലിക് പറഞ്ഞു. ഇന്ന് ശ്രീങ്കക്കെതിരെ കളത്തിലിറങ്ങുന്ന ഇന്ത്യക്ക് ജയിക്കാനായാല്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാം. ഇതേസമയം, നാളെ ബംഗ്ലാദേശിനോടും തുടര്‍ന്ന് ശ്രീലങ്കയെയും കീഴടക്കാനായാല്‍ മാത്രമെ പാകിസ്താന് ഫൈനലില്‍ പ്രവേശിക്കാന്‍ കഴിയൂ. അങ്ങനെയെങ്കില്‍ സ്വപ്ന ഫൈനലിന് മിര്‍പൂരിലെ ഷേര്‍ ബംഗ്ലാ സ്റ്റേഡിയം സാക്ഷ്യംവഹിക്കും. എന്നാല്‍ കരുത്തരായ ശ്രീലങ്കയെയും ആതിഥേയരായ ബംഗ്ലാദേശിനെയും പരാജയപ്പെടുത്തുക എന്നത് പാകിസ്താന് അത്ര എളുപ്പമാവില്ല. ഇന്ത്യക്കെതിരായ മത്സരത്തില്‍ പിച്ചിനെ മനസിലാക്കാന്‍ പാക് പടക്ക് കഴിഞ്ഞില്ലെന്നും സാഹചര്യങ്ങള്‍ക്ക് വിരുദ്ധമായി ആക്രമിച്ചു കളിക്കാന്‍ ശ്രമിച്ചതുമാണ് താളംതെറ്റിച്ചതെന്ന് മാലിക് വിലയിരുത്തി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News