ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനില്‍ ദാദാഗിരി തുടര്‍ന്നേക്കും
അസോസിയേഷനില്‍ തന്നെ വിമര്‍ശകരുണ്ടെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസുമായും മമത ബാനര്‍ജിയുമായുമുള്ള നല്ല ബന്ധം ഗാംഗുലിക്ക് തുണയാകുമെന്നാണ് ......
ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാളിന്‍റെ അധ്യക്ഷ സ്ഥാനത്ത് മുന്‍ ഇന്ത്യന്‍ നായകന്‍ സൌരവ് ഗാംഗുലി തുടരാന്‍ സാധ്യത. ഈ മാസം 31നാണ് അസോസിയേഷന്‍റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേരുന്നതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗാംഗുലിക്കെതിരെ മത്സരിക്കാന്‍ ആരും തയ്യാറാകില്ലെന്നാണ് വ്യക്തമായ സൂചന. അസോസിയേഷനില്‍ തന്നെ വിമര്‍ശകരുണ്ടെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസുമായും മമത ബാനര്‍ജിയുമായുമുള്ള നല്ല ബന്ധം ഗാംഗുലിക്ക് തുണയാകുമെന്നാണ് വിലയിരുത്തല്‍.
ഈ മാസം 23നാണ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി. ജഗ്‍മോഹന്‍ ഡാല്‍മിയയുടെ നിര്യാണത്തെ തുടര്‍ന്നാണ് ബംഗാള്‍ ക്രിക്കറ്റിന്‍റെ അമരത്ത് ഗാംഗുലി എത്തിയത്. ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ - പാകിസ്താന്‍ മത്സരവും കലാശ പോരാട്ടവും നടന്നത് ഈഡന്‍ ഗാര്‍ഡന്‍സിലായിരുന്നു. ഈ മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിലൂടെ താന്‍ മികച്ചൊരു സംഘാടകനാണെന്ന് ഗാംഗുലി തെളിയിക്കുകയും ചെയ്തു.