ഇന്ത്യക്ക് കിവി പൂട്ട്; ഒമ്പതിന് 291
ആറ് ബാറ്റ്സ്മാന്‍മാരും നാല് ബൌളര്‍മാരുമായാണ് ഇന്ത്യ കളം പിടിച്ചത്
ചരിത്രം കുറിച്ച അഞ്ഞൂറാം ടെസ്റ്റിന്‍റെ ഒന്നാം ദിനം ഇന്ത്യയുടെ മുന്നേറ്റങ്ങള്‍ക്ക് കിവി പൂട്ട്.ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍.. ഓപ്പണര്‍ രാഹുലിനെ 32 റണ്‍സെന്ന വ്യക്തിഗത സ്കോറിന് നഷ്ടമായെങ്കിലും 112 റണ്‍ എഴുതി ചേര്‍ത്ത വിജയ് - പൂജാര സഖ്യം ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്ന ശേഷമായിരുന്നു കിവികള്‍ ഇന്ത്യ കൊത്തിവലിച്ചത്. 109 പന്തില്‍ നിന്നും പൂജാര 62 റണ്‍സ് നേടിയപ്പോള്‍ 175 പന്തില്‍ നിന്നും 65 റണ്‍സായിരുന്നു വിജയുടെ സമ്പാദ്യം. ഉച്ചഭക്ഷണത്തിന് മുമ്പ് കേവലം ഒരു വിക്കറ്റ് മാത്രം നഷ്ടമായിരുന്ന ഇന്ത്യയുടെ മൂന്ന് വിലപ്പെട്ട വിക്കറ്റുകളാണ് ഉച്ചഭക്ഷണ ശേഷം 80 റണ്‍ മാത്രം വഴങ്ങി സന്ദര്‍ശകര്‍ പിഴുതെടുത്തത്.
പൂജാരക്ക് ശേഷം ക്രീസിലെത്തിയ നായകന്‍ കൊഹ്‍ലി ഒമ്പതു റണ്‍സുമായി കൂടാരം കയറിയതോടെയായിരുന്നു ഇന്ത്യയുടെ പതനത്തിന്‍റെ തുടക്കം. കൊഹ്‍ലിയുടെ വീഴ്ചക്ക് ശേഷം അധികനേരം പിടിച്ചു നില്‍ക്കാന്‍ മുരളി വിജയ്ക്ക് കഴിഞ്ഞില്ല. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ രോഹിത് ശര്‍മക്ക് കൂട്ടായി രഹാനെ എത്തിയെങ്കിലും 18 റണ്‍സുമായി കിവികള്‍ക്ക് മുന്നില്‍ കീഴടങ്ങി.
മികച്ച തുടക്കത്തിനു ശേഷം വിക്കറ്റ് സമ്മാനിക്കുന്ന പതിവ് ഇത്തവണയും രോഹിത് ശര്‍മ തുടര്‍ന്നു. 35 റണ്‍ മാത്രമാണ് രോഹിതിന് കണ്ടെത്താനായത്. 40 റണ്‍സെടുത്ത അശ്വിനും പൊരുതി വീണത് ഒന്നാം ദിനം തന്നെ ഇന്ത്യന്‍ ഇന്നിങ്സ് അവസാനിക്കുമോയെന്ന ആശങ്കക്ക് വഴിതുറന്നു. 16 റണ്‍സുമായി അജയ്യനായി നില്‍ക്കുന്ന രവീന്ദ്ര ജഡേജയിലാണ് ഇന്ത്യയുടെ പ്രതീക്ഷ.
കിവികള്‍ക്കായി ബോള്‍ട്ടും സാന്‍റനറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.