തിരിച്ചടികളില്‍ പാഠമുള്‍ക്കൊണ്ട് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ബ്ലാസ്റ്റേഴ്സും
സ്റ്റീവ് കോപ്പലെന്ന തന്ത്രശാലിയായ പരിശീലകനിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതീക്ഷ
കഴിഞ്ഞ സീസണിലെ തിരിച്ചടികളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും സീസണിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്. സ്റ്റീവ് കോപ്പലെന്ന തന്ത്രശാലിയായ പരിശീലകനിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതീക്ഷ. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജയത്തില്‍ കുറഞ്ഞൊന്നും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ആഗ്രഹിക്കുന്നില്ല.
ആധുനിക ഫുട്ബോളിലെ തന്ത്രങ്ങളും സമ്മര്‍ദവും പുതുമയല്ല സ്റ്റീവ് കോപ്പലെന്ന ഇംഗ്ലിഷ് പരിശീലകന്. മാഞ്ചസ്റ്റര്‍ സിറ്റിയെയും ക്രിസ്റ്റല്‍ പാലസിനെയും പോലെ പ്രശസ്ത ക്ലബുകളുടെ മാനേജര്‍ സ്ഥാനം അലങ്കരിച്ചിട്ടുള്ളയാളാണ് കോപ്പല്‍. ആ അനുഭവ സമ്പത്തില്‍ തന്നെയാണ് ടീമും ആരാധകരും പ്രതീക്ഷയര്‍പ്പിക്കുന്നതും. വിങ്ങുകളിലൂടെയുള്ള ആക്രമണത്തിന് പ്രാമുഖ്യം നല്‍കുന്ന ഗെയിം പ്ലാനാണ് കോപ്പലിന് കൂടുതല്‍ പ്രിയം. വലതുവിങ്ബാക്ക് സ്ഥാനത്ത് കളിക്കേണ്ട റിനോ ആന്റോ, ലെഫ്റ്റ് വിങ്ങര്‍ സി.കെ. വിനീത് എന്നിവരുടെ അഭാവം ഗെയിം പ്ലാനില്‍ നിര്‍ണ്ണായകമാകും. ആറു വിദേശതാരങ്ങള്‍ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ എന്നിങ്ങനെയാണ് ആദ്യ ഇലവനില്‍ കളിക്കാരെ ഉള്‍പ്പെടുത്തേണ്ടത്. ആസ്റ്റണ്‍ വില്ലയുടെയും ഫുള്‍ഹാമിന്റെയും കളിക്കാരനായിരുന്ന ആരോണ്‍ ഹ്യൂസാണ് ടീമിന്റെ മാര്‍ക്വീ താരം. ഹ്യൂസിനൊപ്പം ഫ്രഞ്ച് ലീഗിലെ അനുഭവസമ്പത്തുള്ള സെഡ്രിക് ഹെങ്ബർട്ടും സെനഗൽ യുവതാരം എൽഹാജി എൻബോയെയുമാണു പ്രതിരോധത്തിലെ കരുത്ത്. അന്‍റോണിയോ ജെര്‍മെയ്നും മൈക്കല്‍ ചോപ്രയും ഇന്ത്യന്‍ താരം മുഹമ്മദ് റഫിയുമടങ്ങുന്ന മുന്നേറ്റനിര ശക്തമാണ്. ഹൊസു, ദിദ്‌യർ കാദിയ അസ്റാക്ക് മഹമത് എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ താരങ്ങളായ വിനീത് റായി, മുഹ്ഹമ്മദ് എന്നിവരുടെ സാന്നിധ്യവും ടീമിന് മുതല്‍ക്കൂട്ടാകും. യുവനിരയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ശക്തി. നെലോ വിംഗാദയാണ് പരിശീലകന്‍.