ഡൈവിങില് സ്വര്‍ണം തൂത്തുവാരാനുറച്ച് ചൈന

Update: 2017-04-01 00:26 GMT
Editor : admin
ഡൈവിങില് സ്വര്‍ണം തൂത്തുവാരാനുറച്ച് ചൈന
Advertising

ഒളിമ്പിക്സില്‍ ചൈനയുടെ ചാട്ടങ്ങളെല്ലാം സ്വര്‍ണത്തിലേക്കാണ്

ഒളിമ്പിക്സില്‍ ചൈന കുത്തകയാക്കി വെച്ചിരിക്കുന്ന ചില ഇനങ്ങളുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് ഡൈവിങ്. ഈ വിഭാഗത്തില്‍ എട്ടിനങ്ങളിലും സ്വര്‍ണം തൂത്തുവാരാമെന്നാണ് ഇത്തവണ ചൈനയുടെ പ്രതീക്ഷ. ഒളിമ്പിക്സില്‍ ചൈനയുടെ ചാട്ടങ്ങളെല്ലാം സ്വര്‍ണത്തിലേക്കാണ്.

നീലക്കുളത്തില്‍ മുങ്ങുന്ന അവര്‍ വിക്ടറി സ്റ്റാന്‍ഡില് സ്വര്‍ണവുമായാണ് പൊങ്ങുന്നത്. 2008ല്‍ ബെയ്ജിങ് ഒളിമ്പിക്സില്‍ ആകെയുള്ള എട്ട് ഇനങ്ങളില്‍ ഏഴ് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് സ്വര്‍ണവുമടക്കം 11 മെഡലുകളാണ് ചൈന സ്വന്തമാക്കിയത്. ലണ്ടനിലെത്തിയപ്പോള്‍ സ്വര്‍ണത്തിന്റെ എണ്ണം ഒന്ന് കുറഞ്ഞു. ആറ് സ്വര്‍ണമടക്കം 10 മെഡലുകള്‍. ഇത്തവണ അതിലും മീതെയാണ് ചൈനീസ് പ്രതീക്ഷകള്‍.
എട്ടില്‍ എട്ട് സ്വര്‍ണവും ബെയ്ജിങിലേക്കുള്ള വിമാനത്തില്‍ വരുമെന്നാണ് അവരുടെ പ്രതീക്ഷ.

സ്വപ്ന ടീം എന്നാണ് റിയോയിലേക്ക് പോകുന്ന ടീമിനെ ചൈന തന്നെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് ഒളിമ്പിക്സുകളിലും സ്വര്‍ണം നേടിയ വൂ മിന്‍ഷിയയും ബെയ്ജിങിലും ലണ്ടനിലും സ്വര്‍ണപോഡിയത്തില്‍ കയറിയ ചെ റൂലിനും നയിക്കുന്നതാണ് ടീം.

ഏഴ് വനിതകളും ആറ് പുരുഷന്മാരുമടക്കം 13 അംഗ സംഘമാണ് റിയോയിലെ നീന്തല്‍ കുളത്തിലിറങ്ങുക. മാസങ്ങള്‍ക്ക് മുന്പ് നടന്ന ‍ഡൈവിങ് ലോകകപ്പില്‍ എട്ടില്‍ ആറ് സ്വര്‍ണവും നേടിയ ചൈന തൂത്ത് വാരലിനിപ്പുറം ഒന്നും റിയോയില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News