മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് ജയം

Update: 2017-04-06 09:10 GMT
മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് ജയം
Advertising

നിലവിലെ ചാംപ്യന്മാരായ ലെസ്റ്റര്‍ സിറ്റിയെ ഏകപക്ഷീയമായ മൂന്ന് ഗോളിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തകര്‍ത്തു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് ജയം. നിലവിലെ ചാംപ്യന്മാരായ ലെസ്റ്റര്‍ സിറ്റിയെ ഏകപക്ഷീയമായ മൂന്ന് ഗോളിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തകര്‍ത്തു. സ്വാന്‍സി സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചത്.

തകര്‍ച്ചയിലേക്ക് കൂപ്പു കുത്തുന്ന ലെസ്റ്റര്‍ തിരിച്ചു വരുമെന്നായിരുന്നു പരീശീലകന്‍ ക്ലോഡിയോ റാണിയേരി പറഞ്ഞിരുന്നത്. എന്നാല്‍ സ്വന്തം തട്ടകത്തില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ഇറങ്ങിയപ്പോഴും തോല്‍ക്കാനായിരുന്നു വിധി. മികച്ച മത്സരം പുറത്തെടുത്ത യുണൈറ്റഡ് ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് നിലവിലെ ചാംപ്യന്മാരെ തകര്‍ത്തത്. ആദ്യ രണ്ട് ഗോളുകളും പിറന്നത് ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ്. ലെസ്റ്റര്‍ പ്രതിരോധത്തെ നിഷ്പ്രഭമാക്കി ഹെന്‍റിക് മഖിതാര്യനാണ് ആദ്യ ഗോള്‍ നേടിയത്. നാല്‍പ്പത്തിനാലാം മിനിറ്റില്‍ സൂപ്പര്‍ താരം സ്ലാട്ടന്‍ ഇബ്രാഹോമോവിച്ച് ഗോള്‍ നേട്ടം രണ്ടാക്കി. 49ആം മിനിറ്റില്‍ യുവാന്‍ മാട്ടയിലൂടെ യുണൈറ്റഡ് പട്ടിക പൂര്‍ത്തിയാക്കി.

നിലവില്‍ യുണൈറ്റഡ് ആറാമതും ലെസ്ററര്‍ പതിനാറാമതുമാണ്. സ്വാന്‍സി സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി വിജയ വഴിയില്‍ തിരിച്ചെത്തി. ഗബ്രിയേല്‍ ജീസസിന്റെ ഇരട്ട ഗോളാണ് സിറ്റിക്ക് തുണയായത്. പതിനൊന്നാം മിനിറ്റിലും കളിയുടെ അധിക സമയത്തുമായിരുന്നു ജീസസ് അവതരിച്ചത്. സിഗൂഡ്സണാണ് സ്വാന്‍സിസിറ്റിയുടെ ഏക ഗോള്‍ നേടിയത്. ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്സണലിയും ലിവര്‍പൂളിനെയു പിന്തള്ളി മൂന്നാമതെത്തി

Tags:    

Similar News