ലോകകപ്പില്‍ പുറത്ത്; അഫ്രീദിയുടെ അവസാന മത്സരം ഓസീസിനെതിരെ ?
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ സൂചന നല്‍കി പാകിസ്താന്‍ ട്വന്റി 20 ടീം ക്യാപ്റ്റന്‍ ശാഹിദ് അഫ്രീദി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ സൂചന നല്‍കി പാകിസ്താന്‍ ട്വന്റി 20 ടീം ക്യാപ്റ്റന്‍ ശാഹിദ് അഫ്രീദി. ട്വന്റി 20 ലോകകപ്പില്‍ സെമി സാധ്യത നിലനിര്‍ത്താനായി നിര്‍ണായക മത്സരത്തിനിറങ്ങിയ പാകിസ്താന്‍ ന്യൂസിലന്‍ഡിനോടും കീഴടങ്ങിയതോടെയാണ് ആസ്ട്രേലിയക്കെതിരായ അടുത്ത മത്സരം തന്റെ അവസാന പോരാട്ടമായിരിക്കുമെന്ന് അഫ്രീദി സൂചന നല്‍കിയത്. കിവീസിനെതിരായ മത്സരത്തിന് ശേഷമുള്ള ചടങ്ങിനിടെയാണ് അഫ്രീദി ഇക്കാര്യം വ്യക്തമാക്കിയത്.
അഫ്രീദിയുടെ ഇന്ത്യാ പ്രേമവും തൊട്ടുപിന്നാലെ ലോകകപ്പില്‍ ഇന്ത്യക്കെതിരെ തോറ്റതും പാക് നായകനെതിരെ രൂക്ഷ വിമര്‍ശം ഉയര്‍ത്തിയിരുന്നു. ലോകകപ്പോടെ അഫ്രീദി പാക് ടീമിന്റെ നായകസ്ഥാനം രാജിവെക്കണമെന്നും അല്ലെങ്കില്‍ അഫ്രീദിയുടെ ക്രിക്കറ്റ് കരിയര്‍ തന്നെ അവസാനിച്ചേക്കുമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഷഹരിയാര്‍ ഖാന്‍ ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് അഫ്രീദി പറഞ്ഞിരുന്നെന്നും ഷഹരിയാര്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. പാക് മാധ്യമങ്ങളടക്കമുള്ളവരുടെ വിമര്‍ശത്തിന് പുറമെ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ കൂടി തള്ളിപ്പറഞ്ഞതോടെ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു അഫ്രീദി. ലോകകപ്പ് സെമി സാധ്യതകള്‍ അവസാനിച്ചെങ്കിലും ഓസീസിനെതിരെ വിജയം പിടിച്ചടക്കി വിരമിക്കലിലെങ്കിലും ആശ്വാസം കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അഫ്രീദിയുടെ ആരാധകര്‍. പാകിസ്താനെ ഏകദിനത്തിലാണെങ്കിലും കാപ്സ്യൂള്‍ ക്രിക്കറ്റിലാണെങ്കിലും ഒറ്റക്ക് ജയിപ്പിക്കാന്‍ കെല്‍പ്പുള്ള പ്രതിഭയായിരുന്നു അഫ്രീദി. പാകിസ്താന് വേണ്ടി 27 ടെസ്റ്റുകളും 398 ഏകദിനങ്ങളും 97 ട്വന്റി 20 മത്സരങ്ങളിലും പാഡ് കെട്ടിയ അഫ്രീദിയെ കറിവേപ്പില പോലെ വലിച്ചെറിയാനുള്ള പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നീക്കത്തിനെതിരെ കടുത്ത വിമര്‍ശം ഉയരുന്നുണ്ട്.