ജി കെ പിള്ളയെ ബിസിസിഐ നിരീക്ഷകനാക്കണമെന്ന് ലോധ കമ്മറ്റി
'ബിസിസിഐ ഭരണ സമിതിയെ പിരിച്ച് വിടണം'
ബിസിസിഐ നിരീക്ഷകനായി മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജികെ പിള്ളയെ നിയോഗിക്കണമെന്ന് ലോധ കമ്മറ്റി. സുപ്രിം കോടതിയില്‍ ഇന്ന് സമര്‍പ്പിച്ച സ്ഥിതി വിവര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ബിസിസിഐ ഭരണ സമിതിയെ പിരിച്ച് വിടണമെന്ന ആവശ്യം റിപ്പോര്‍ട്ടില്‍ ആവര്‍ത്തിക്കുന്നുണ്ട്.
കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടാമത്തെ സ്ഥിതി വിവര റിപ്പോര്‍ട്ടാണ് ലോധ കമ്മറ്റി സുപ്രിം കോടതിയില്‍ സമര്‍പ്പിക്കുന്നത്. ബിസിസിഐയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കാന്‍ നിരീക്ഷകനെ വെക്കണമെന്നതാമ് ഇന്നത്തെ റിപ്പോര്‍ട്ടിലെ പ്രധാന ആവശ്യം. ഇതിനായി മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും, മലയാളിയുമായ ജികെ പിള്ളയുടെ പേരും റിപ്പോര്‍ട്ടില്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. നിരീക്ഷനെന്ന നിലയില്‍ ബിസിസിഐയുടെ വരവ് ചെലവുകള്‍ പരിശോധിക്കാനുള്ള ഓഡിറ്ററെ നിയോഗിക്കാന്‍ പിള്ളക്ക് അധികാരം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ബിസിസിഐയുടെ ഭരണ സമിതിയെ പിരിച്ച് വിടണമെന്ന മുന്‍ ആവശ്യം റിപ്പോര്‍ട്ടില്‍ ആവര്‍ത്തിക്കുന്നു. കഴിഞ്ഞ മാസം സമര്‍പ്പിച്ച ആദ്യത്തെ റിപ്പോര്‍ട്ടിലും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ആദ്യ റിപ്പോര്‍ട്ട് പരഗിണിച്ച സുപ്രിം കോടതി ലോധ കമ്മറ്റിയുടെ ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ ക്രിക്കറ്റ് ബോര്‍ഡിന് അന്ത്യശാസനം നല്‍കിയിരുന്നു. ശിപാര്‍ശകള്‍ നടപ്പില്‍ വരുത്തുന്നത് വരെ ബോര്‍ഡിന് മേല്‍ സാമ്പത്തിക നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് ശേഷവും കമ്മറ്റിയുമായി സഹകരിക്കാന്‍ ബിസിസിഐ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.