വില്യംസ് സഹോദരിമാര്‍ ആസ്ത്രേലിയന്‍ ഓപണ്‍ ഫൈനലില്‍
ഇത് ഒമ്പതാം തവണയാണ് അമേരിക്കക്കാരികളായ വില്യംസ് സഹോദരിമാര്‍ ഗ്രാന്റ് സ്ലാം ഫൈനലില്‍ ഏറ്റുമുട്ടുന്നത്...
സെറീന വില്യംസും വീനസ് വില്യംസും ആസ്‌ത്രേലിയന്‍ ഓപണിന്റെ വനിതാ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ ഏറ്റുമുട്ടും. ഇത് ഒമ്പതാം തവണയാണ് അമേരിക്കക്കാരികളായ വില്യംസ് സഹോദരിമാര്‍ ഗ്രാന്റ് സ്ലാം ഫൈനലില്‍ ഏറ്റുമുട്ടുന്നത്. എട്ട് വര്‍ഷത്തിന് ശേഷമാണ് വില്യംസ് സഹോദരിമാര്‍ ഗ്രാന്റ്സ്ലാം ഫൈനലില്‍ ഏറ്റുമുട്ടുന്നത്.
സെമിയില്‍ പതിമൂന്നാം സീഡ് വീനസ് വില്യംസ്(36) അമേരിക്കന്‍ താരം കോകോ വാന്‍ഡെവേഗേയെ 6-7(3-7), 6-2, 6-3 എന്ന സ്‌കോറിനാണ് തോല്‍പിച്ചത്. 2009ന് ശേഷം ആദ്യമായാണ് വീനസ് ഒരു ഗ്രാന്റ് സ്ലാം ഓപണിന്റെ ഫൈനലിലെത്തുന്നത്.
ലോക രണ്ടാം നമ്പറായ സെറീന വില്യംസിന് സെമിയില്‍ കാര്യങ്ങള്‍ താരതമ്യേന എളുപ്പമായിരുന്നു. സീഡില്ലാത്ത താരം ലൂസിയ ബ്രൌണിയെ 6-2,6-1ന് നേരിട്ടുള്ള സെറ്റുകള്‍ക്ക് നിഷ്പ്രഭമാക്കിയാണ് സെറീന ഫൈനലിലെത്തുന്നത്.
ഇരുപത്തിമൂന്നാം ഗ്രാന്റ്സ്ലാം കിരീടം തേടിയാണ് സെറീന വില്യംസ് ചേച്ചി വീനസിനെ നേരിടുന്നത്. നിലവില്‍ സ്റ്റെഫി ഗ്രാഫിന്റെ ഇരുപത്തിമൂന്ന് ഗ്രാന്റ്സ്ലാം നേട്ടമെന്ന റെക്കോഡിനൊപ്പമാണ് സെറീന. ആറ് ആസ്‌ട്രേലിയന്‍ ഓപണുകളും സെറീനയുടെ ശേഖരത്തിലുണ്ട്. എട്ട് ഗ്രാന്റ് സ്ലാമുകളാണ് വീനസ് വില്യംസിന് സ്വന്തമായുള്ളത്. ഫൈനല്‍ ജയിച്ചാല്‍ വീനസിന്റെ ആദ്യ ആസ്‌ട്രേലിയന്‍ ഓപണ്‍ കിരീടമാകും അത്. 2008ല്‍ നേടിയ വിംബിള്‍ഡണാണ് വീനസ് അവസാനമായി വിജയിച്ച ഗ്രാന്റ് സ്ലാം ടൂര്‍ണ്ണമെന്റ്.